കാനഡയിൽ മലയാളി യുവതിക്ക് 30 കോടിയിലധികം രൂപയുടെ ലോട്ടറി സമ്മാനം; ഭാഗ്യദേവത കടാക്ഷിച്ചത് സ്നേഹ ജോയിയെ

Global Indian Writer · November 23, 2026 · 1 min read · 0 Comments · 0 Shares

അനിൽ മറ്റത്തിക്കുന്നേൽ

എഡ്മണ്ടൺ, കാനഡ: കാനഡയിൽ താമസിക്കുന്ന മലയാളി യുവതി സ്നേഹ ജോയിക്ക്
ലോട്ടറിയിലൂടെ 50 ലക്ഷം കനേഡിയൻ ഡോളറിന്റെ (ഏകദേശം 30 കോടിയിലധികം
ഇന്ത്യൻ രൂപ) വമ്പൻ സമ്മാനം. കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മണ്ടണിൽ
താമസിക്കുന്ന സ്നേഹ ജോയിക്കാണ് LOTTO 6/49 ലോട്ടറിയുടെ ക്ലാസിക്
ജാക്ക്പോട്ട് സമ്മാനം ലഭിച്ചത്.

ഒക്ടോബർ 21-ന് നടന്ന നറുക്കെടുപ്പിലാണ് സ്നേഹയുടെ ഭാഗ്യം തെളിഞ്ഞത്.
മൊബൈൽ ഫോണിലെ Lotto Spot ആപ്പ് ഉപയോഗിച്ച് വാങ്ങിയ ടിക്കറ്റ് പിന്നീട്
പരിശോധിച്ചപ്പോഴാണ് ജീവിതം മാറ്റിമറിക്കുന്ന സമ്മാനം ലഭിച്ച വിവരം
അറിയുന്നത്.

നറുക്കെടുപ്പിലെ 1, 10, 18, 22, 33, 37 എന്നീ ആറ് നമ്പറുകളും സ്നേഹയുടെ
ടിക്കറ്റിലെ നമ്പറുകളുമായി കൃത്യമായി പൊരുത്തപ്പെടുകയായിരുന്നു. LOTTO
6/49 ക്ലാസിക് നറുക്കെടുപ്പിലെ ആറ് നമ്പറുകളും ശരിയായി ലഭിക്കുന്നവർക്ക്
നൽകുന്ന സ്ഥിരം ജാക്ക്പോട്ട് സമ്മാനമാണ് 50 ലക്ഷം കനേഡിയൻ ഡോളർ.

ലോട്ടറി കളിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇത്രയും വലിയൊരു സമ്മാനം
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്നേഹ പറഞ്ഞു. സമ്മാനം ലഭിച്ച
വിവരം അറിഞ്ഞപ്പോഴുണ്ടായ അനുഭവം മൂന്ന് വാക്കുകളിലൂടെയാണ് അവർ
വിവരിച്ചത്: “ഞെട്ടൽ, സന്തോഷം, ആശ്വാസം.”

വമ്പൻ സമ്മാനത്തുക ലഭിച്ചതോടെ ജീവിതത്തിലെ പ്രധാന സാമ്പത്തിക ബാധ്യതകൾ
അവസാനിപ്പിക്കാനാണ് സ്നേഹയുടെ ആദ്യ തീരുമാനം. വീടിന്റെ മോർട്ട്ഗേജ് വായ്പ
പൂർണമായി അടച്ചുതീർക്കും. തുടർന്ന് ലോകം ചുറ്റി സഞ്ചരിക്കാനും
കുടുംബാംഗങ്ങളുമായി സമ്മാനത്തുക പങ്കുവയ്ക്കാനുമാണ് ആഗ്രഹം.

സമ്മാനം ലഭിച്ചതിലെ ഏറ്റവും വലിയ സന്തോഷം സാമ്പത്തിക സമ്മർദങ്ങളില്ലാതെ
ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നതാണെന്നും സ്നേഹ വ്യക്തമാക്കി.

നവംബർ 20-ന് Western Canada Lottery Corporation പുറത്തിറക്കിയ ഔദ്യോഗിക
വാർത്താക്കുറിപ്പിലൂടെയാണ് സ്നേഹയുടെ ലോട്ടറി വിജയം പുറത്തുവന്നത്.

കാനഡയിലെ LOTTO 6/49 ലോട്ടറിയിൽ ഒരു ടിക്കറ്റിന് മൂന്ന് കനേഡിയൻ ഡോളറാണ്
നിരക്ക്. ക്ലാസിക് നറുക്കെടുപ്പിൽ ആറ് നമ്പറുകളും ശരിയായി ലഭിക്കാനുള്ള
സാധ്യത ഏകദേശം 1.4 കോടിയിൽ ഒന്നാണ്.

കാനഡയിൽ താമസിക്കുന്ന മലയാളികൾക്കിടയിലും സ്നേഹ ജോയിയുടെ വമ്പൻ ലോട്ടറി
വിജയം ശ്രദ്ധേയമായിരിക്കുകയാണ്. സാധാരണയായി മൊബൈൽ ഫോണിലൂടെ വാങ്ങിയ ഒരു
ലോട്ടറി ടിക്കറ്റ് ജീവിതത്തിലെ സാമ്പത്തിക ആശങ്കകൾക്ക് വിരാമമിടുന്ന
അപ്രതീക്ഷിത ഭാഗ്യമായി മാറിയിരിക്കുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.