കിരണ് ജോസഫ്
കൊളംബസ്, ഒഹായോ: ജൂൺ 20 ശനിയാഴ്ച നടന്ന കുട്ടപ്പൻ ചേട്ടന്റെ ചായക്കട ഹിറ്റാക്കി – ഈ വർഷത്തെ പിക്നിക്കുമായി സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ. എല്ലാവർഷവും കമ്മറ്റി നടത്തുന്ന വിവിധ പരിപാടികളിൽ ഒരു ഔട്ട്ഡോർ ഈവന്റ് എന്നുള്ള നിലയിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഒന്നാണ് കോമ – പിക്നിക്. ഒട്ടുമിക്കപ്പോഴും രാവിലെ മുതൽ സായാഹ്നം വരെ നീളുന്ന ഈ പരിപാടി – ഇത്തവണ വൈകുന്നേരം നാലുമണി മുതൽ ആണ് ആരംഭിച്ചത്. പവലിലെ മനോഹരമായ ലിബർട്ടി പാർക്കിൽ വച്ചാണ് ഇത്തവണ കോമ പിക്നിക് സംഘടിപ്പിച്ചത്.
പേരു പോലെതന്നെ വളരെ ക്രിയാത്മകമായ വ്യത്യസ്തകൾ നിറഞ്ഞതായിരുന്നു ഇത്തവണ കോമ പിക്നിക്ക്. നാടൻ രീതിയിലുള്ള ഓലമേഞ്ഞ ഒരു ചായക്കട ആയിരുന്നു ഇത്തവണ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത്. ചൂട് പാൽ ചായയോടൊപ്പം ഉണ്ണിയപ്പവും പഴംപൊരിയും ഉഴുന്നുവടയും ഉണ്ടായിരുന്നു എന്നത് മാത്രമല്ല, മനോഹരമായ ഔട്ട്ഡോർ പച്ചപ്പിലെ ലൈവ് അടുപ്പിൽ മലയാളികളുടെ പ്രിയപ്പെട്ട പൊറോട്ടയും ഓംലെറ്റും പുക ഉയർത്തിയപ്പോൾ ഏവരുടെയും മൂക്കിനും നാക്കിനും ഗൃഹാതുരത്വത്തിന്റെ ഒരു അനുഭവമായിരുന്നു.
വിവിധതരം ഗെയിമുകളും ഗ്രൗണ്ടിൽ കോമ സംഘടിപ്പിക്കുകയുണ്ടായി. ലിബർട്ടി പാർക്ക് നിറഞ്ഞു കവിഞ്ഞ മലയാളി കുടുംബങ്ങൾക്ക് – നാടൻ പാട്ടുകളും സിനിമാഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് കോമയിലെ പ്രതിഭാശാലികളായ ഗായകർ അവതരിപ്പിച്ച കൈകൊട്ടു പാട്ട് ഒരു ആവേശം നിറഞ്ഞ വ്യത്യസ്ത അനുഭവമായി മാറി.
ഈ ആസ്വാദന വേളയിലും കുട്ടപ്പൻ ചേട്ടന്റെ ചായക്കട തീമിൽ പിറവിയെടുത്ത – പച്ചക്കുരുമുളക് നിറച്ച പുഴുങ്ങിയ മുട്ട പോലുള്ള വിവിധതരം വിഭവങ്ങൾ ആൾക്കാരിൽ എത്തിച്ചത് – കോമ കമ്മിറ്റിക്കും വോളണ്ടിയർമാർക്കും ഒരുപാട് അഭിനന്ദനങ്ങൾ കിട്ടാൻ കാരണമായി.
പ്രവാസ ജീവിതത്തിന്റെ ശൈലികളിൽ ജീവിക്കുന്ന മലയാളികൾക്ക് നാടൻ രീതിയിലുള്ള അനുഭവങ്ങളും ഭക്ഷണവും ഒക്കെ ഒരുമിച്ചു കൂടി ഒരു സ്ഥലത്ത് ആസ്വദിച്ച് കഴിക്കാൻ പറ്റുന്ന അനുഭവം ഉണ്ടാക്കിയതിൽ തൃപ്തി പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഓരോ മലയാളിയും ഈ പിക്നിക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
ഈ പരിപാടി ഇത്രയും ഗംഭീര വിജയമാക്കി തീർക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സ്പോൺസർക്കും കോർഡിനേറ്റർമാർക്കും മറ്റു വോളണ്ടിയർമാർക്കും കോമയുടെ പ്രത്യേക നന്ദി അറിയിച്ചു.
സ്പോൺസർ: കൊക്കോകേ പവൽ
മുഖ്യ ശില്പി: ഷെറിൻ ജോൺ
കോർഡിനേറ്റർമാർ: പ്രദീഷ് പുതിയറ്റിൽ, ശ്യാം മോഹൻ, സച്ചിൻ സുഗതൻ
വോളണ്ടിയർമാർ: ഗോപി, ശിവ, തോമസ്, പ്രമോദ്, രൂപേഷ്, സച്ചിൻ, റോഷിത്ത്, അരവിന്ദ്, സുധീഷ്, മധു, മനോജ്, രാജേഷ്, പ്രവി, രാകേഷ്, ജിജിത്ത്, ഗിരീഷ്, ബിജിത്ത്, ജയ്. ഇവരെക്കൂടാതെ പേരെടുത്തു പറയാൻ കഴിയാത്തത്ര നിരവധി വോളണ്ടിയർമാരുടെ കൂട്ടായ പരിശ്രമം കൂടിയാണ് ഈ പരിപാടിയെ വൻവിജയമാക്കി തീർത്തത്. എല്ലാവർക്കും കോമ ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിക്കുകയുണ്ടായി.
Leave a Comment
Your comment will be visible after admin approval.