കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ വിഷയത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
സര്‍ക്കാരിന്റെ നടപടികളില്‍ സാങ്കേതികമായ വീഴ്ചകളുണ്ടായതായി കോടതി നിരീക്ഷിച്ചു. 2015ല്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തതാണ് പ്രധാന പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് അസാധുവായി കണക്കാക്കപ്പെട്ടത്.
2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്ന് മോഹന്‍ലാലിന് ഇതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാരിന്റെ അനുമതിയോടെ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുണ്ടായി.



