ചെന്നൈ: വിജയ് നായകനായെത്തുന്ന അവസാന ചിത്രം ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരായ ഹർജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി. ചിത്രത്തിന് പ്രദർശനാനുമതി നൽകാതെ മനപ്പൂർവ്വം റിലീസ് തടയുകയാണെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിർമാതാക്കൾ സമർപ്പിച്ച ഹർജിയാണ് നാളെ പരിഗണിക്കുക.
ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ പകർപ്പ് ഹാജരാക്കാൻ സെൻസർബോർഡിനോട് കോടതി വാക്കാൽ ആവശ്യപ്പെട്ടു. ചിത്രം യു/എ സർട്ടിഫിക്കറ്റിന് അർഹമാണെന്നും 25 രാജ്യങ്ങളിൽ ഇതിനോടകം അനുമതി ലഭിച്ചിട്ടുണ്ട് ഇന്ത്യയിൽ മാത്രമാണ് സെൻസെർഷിപ്പ് അനുമതി വൈകുന്നതെന്നും നിർമാതാക്കൾക്കായി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചിത്രം സെൻസർ ബോർഡ് കണ്ടിട്ടുണ്ട്. അവർ അതിൽ സംതൃപ്തരാണ്. സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിക്കുന്ന പ്രക്രിയ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂവെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു.
ഹർജിയുടെ അടിയന്തര സാഹചര്യത്തെ കുറിച്ച് വാദം കേൾക്കുന്നതിനിടെ, ചിത്രം പത്തിന് റിലീസ് ചെയ്യാൻ കഴിയുമോയെന്ന് ജസ്റ്റിസ് ബി ഡി ആശ പരാമർശിച്ചു ജനുവരി ഒമ്പതിനാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രം പുതിയ കമ്മിറ്റി വീണ്ടും കാണുമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്. പിന്നാലെയാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ റിലീസ് വൈകിപ്പിക്കുന്ന നടപടിയെ ചോദ്യം ചെയ്താണ് ഹരജി.
ജനുവരി 9ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്ന ജനനായകനായി വമ്പൻ ഫാൻ ഷോകളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും രാവിലെ ആറ് മണിക്ക് ആദ്യ ഷോകൾ നടത്താനാണ് തീരുമാനിയിരിക്കുന്നത്. ഇപ്പോൾ റിലീസ് പ്രതിസന്ധിയിലായതോടെ വലിയ ആശങ്കയിലാണ് വിജയ് ആരാധകർ.



