ഭുവനേശ്വർ: വിവിധ വിഷയങ്ങളിൽ സമരം തുടരുന്ന ഒഡിഷയിലെയും മഹാരാഷ്ട്രയിലെയും വിദ്യാർഥികൾക്ക് പിന്തുണയുമായി സി.ജെ.പി. സ്കൂൾ പാഠപുസ്തകങ്ങളിലെ പിഴവുകളിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒഡിഷയിൽ നവനിർമാൺ യുവ ഛാത്ര സംഘതൻ (എൻ.വൈ.സി.എസ്) നടത്തുന്ന സത്യഗ്രഹത്തിനും, കോഴ്സുകൾ മാറ്റിയതിലും പിഎച്ച്.ഡി പ്രവേശനം നിർത്തിവെച്ചതിലും പ്രതിഷേധിച്ച് മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാല (എം.ജി.എച്ച്.വി.) വിദ്യാർഥികളുടെ സമരത്തിനുമാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാർഥി സമരം കൂടുതൽ ശക്തമായിരിക്കുകയാണ്.
ഒഡിഷയിൽ പാഠപുസ്തകങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സ്കൂൾ-മാസ് എജുക്കേഷൻ മന്ത്രി നിത്യാനന്ദ ഗോണ്ടിന്റെ രാജി ആവശ്യപ്പെട്ടാണ് എൻ.വൈ.സി.എസ് സത്യഗ്രഹം നടത്തുന്നത്. സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ പ്രചാരണത്തിന്റെ ഭാഗമായെത്തിയ കോ-കൺവീനർ സൗരവ് ദാസാണ് പിന്തുണ അറിയിച്ചത്. പാഠപുസ്തക അച്ചടിക്കായി സർക്കാർ 380 കോടി രൂപ ചെലവഴിച്ചിട്ടും നിരവധി പിഴവുകൾ കണ്ടെത്തിയെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.