ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഡൽഹി ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച വൻ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും പോലീസ് നടപടികളും.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇൻഫ്ളുവൻസറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിൽവെച്ചായിരുന്നു സംഭവം.
രാവിലെ ധ്രുവ് റാത്തിയുടെ അമ്മ വാതിൽ തുറന്നതോടെ പോലീസ് അകത്തുകയറി ധ്രുവ് റാത്തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർധരാത്രിയിൽ അൻപതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു.
സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പൊലീസും നഗരത്തെ പൂർണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.