കൊളംബസ് രൂപതാ മെത്രാൻ മാർ ഈർൾ കെ. ഫെർണാണ്ടസ് മുഖ്യകാർമ്മികത്വം വഹിച്ചു
കൊളംബസ്: കൊളംബസ് സെന്റ് മേരീസ് സീറോ മലബാർ കാത്തോലിക് മിഷനിലെ വാർഷിക തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് അർപ്പിച്ച ആഘോഷമായ തിരുനാൾ കുർബാനയിൽ കൊളംബസ് രൂപതാ മെത്രാൻ ബിഷപ്പ് മാർ ഈർൾ കെ. ഫെർണാണ്ടസ് (Bishop Earl K. Fernandes) മുഖ്യ കാർമ്മികത്വം വഹിച്ചു.
മിഷൻ ഡയറക്ടർ റവ. ഫാ. നിബി കണ്ണായി (Fr. Niby Kannai), റവ. ഫാ. അബി തമ്പി, റവ. ഫാ. അനീഷ് തോമസ്, റവ. ഫാ. ആന്റണി ചോരവടി, റവ. ഫാ. ജിൻസ് കുപ്പക്കാര, റവ. ഫാ. ജോസഫ് തോമസ്, റവ. ഫാ. പെത്രോസ് ബൊട്ടാച്ചേവ്, റവ. ഫാ. ടോം ആന്റോ പുത്തൻകാലം, റവ. ഫാ. വിൻസെന്റ് ടി. എൻഗുയാൻ എന്നിവർ തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരായി.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഭക്തിനിർഭരമായ പ്രസുദേന്തി വാഴ്ചയും തിരുനാൾ പ്രഘോഷണ പ്രദക്ഷിണവും നടന്നു. തുടർന്ന് വൈകുന്നേരം 5:00 മണിക്ക് സ്നേഹവിരുന്നിന്റെ മുന്നോടിയായി ചായ സൽക്കാരവും ഒരുക്കിയിരുന്നു.
വൈകുന്നേരം 6:00 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിലും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളിലും വലിയൊരു വിശ്വാസി സമൂഹം പങ്കെടുത്തു.
രാത്രി 8:30-ന് നടന്ന വർണ്ണാഭമായ കരിമരുന്ന് പ്രയോഗവും തുടർന്ന് 8:45-ന് ഒരുക്കിയ സ്നേഹവിരുന്നോടും (Dinner) കൂടി ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് അവിസ്മരണീയമായ സമാപനമായി. സ്വർഗ്ഗീയ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് ഒരൊറ്റ കുടുംബമായി വിശ്വാസികൾ ഒത്തുചേർന്ന അനുഗ്രഹീത നിമിഷങ്ങൾക്കാണ് മിഷൻ സാക്ഷ്യം വഹിച്ചത്.
(വാർത്ത: സുജാ ആന്റണി, പി.ആർ.ഒ., സെന്റ് മേരീസ് സീറോ മലബാർ കാത്തോലിക് മിഷൻ, കൊളംബസ്, ഒഹായോ)
Leave a Comment
Your comment will be visible after admin approval.