‘ശ്രീലേഖയ്ക്ക് എന്തോ ഗുരുതര പ്രശ്നമുണ്ട്’; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല

Global Indian Writer · October 15, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻ ഡിജിപി പദവിയിലിരുന്ന വ്യക്തി ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും ശ്രീലേഖ തന്റെ പരാമർശം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ശ്രീലേഖയ്ക്ക് എന്തു പറ്റിയെന്നായിരുന്നു’ ചെന്നിത്തലയുടെ പ്രതികരണം. ‘ഡിജിപിയായി ഇരുന്ന ആളാണ്. ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ? അവർ ഇരുന്ന സ്ഥാനത്തെക്കുറിച്ച് ചിന്തിക്കണ്ടേ. ഒരു ദിവസം രാജിവയ്ക്കും, പിന്നെ പിൻവലിക്കും. അവർക്ക് എന്തോ ഗുരുതര പ്രശ്നമുണ്ട്. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം ശ്രീലേഖ പിൻവലിക്കണം’–ചെന്നിത്തല പറഞ്ഞു.

ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി നടത്തുന്ന സമരത്തെ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചാലുണ്ടാകുന്ന വെപ്രാളത്തോടും താണ്ഡവത്തോടും ഉപമിച്ചായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം.

അതേസമയം, ശ്രീലേഖയുടെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം രാഷ്ട്രീയ വിമർശനത്തിന്റെ പരിധി കടന്നതാണെന്നും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.