പിറവം: എറണാകുളം പിറവത്ത് വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പിറവം നഗരസഭയിലെ പതിനാലാം വാർഡ് കൗൺസിലറായ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയുടെ ഭർതൃപിതാവായ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തി വീട്ടിൽ തർക്കമുണ്ടാക്കുന്നത് ജോയിയുടെ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവദിവസം ജോയി മദ്യപിച്ചെത്തി ലിസിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ഇടപെട്ടപ്പോഴാണ് ക്രിസ്റ്റിക്ക് കുത്തേറ്റത്. വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് ജോയി ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ലിസിയുടെ കൈക്ക് പരിക്കേറ്റത്.
വയറിന് ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിയുടെ മുറിവിൽ ഒൻപത് തുന്നിക്കെട്ടുകളുണ്ട്. അമിതമായി രക്തം വാർന്ന നിലയിലാണ് ക്രിസ്റ്റിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലിസി പിറവത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിന് ശേഷം വീട്ടിൽ നിന്ന് കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിന്നീട് മറ്റൊരു സ്ഥലത്ത് വെച്ചാണ് പിടികൂടിയത്. ജോയിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.