ന്യൂഡൽഹി: ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങി. ഡൽഹിയിലെ സത്യനികേതനിലാണ് സംഭവം. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടന്നിരുന്ന രണ്ടുപേരെ ഇതിനകം രക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ദുരന്ത നിവാരണ അതോറിറ്റി അടക്കമുള്ള സംഘങ്ങൾ രക്ഷപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വാടകയ്ക്ക് താമസസൗകര്യം നൽകുന്ന പെയിങ് ഗസ്റ്റ് (പിജി) സംവിധാനമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. സർവകലാശാലയ്ക്ക് സമീപമായതിനാൽ താമസക്കാരിൽ പലരും കോളേജ് വിദ്യാർഥികളാണ്. എൻഎസ്‌യുഐ, ഐസ തുടങ്ങിയ വിദ്യാർഥിസംഘടനകളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്.
ഫയർഫോഴ്‌സിനും പോലീസിനും പുറമെ വേറേയും വിവിധധ ഏജൻസികളെ രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), സെൻട്രലൈസ്ഡ് ആക്‌സിഡന്റ് ആൻഡ് ട്രോമാ സർവീസസ് (സിഎടിഎസ്), സിവിൽ ഡിഫൻസ്, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് രേഖാ ഗുപ്ത എക്‌സിലൂടെ അറിയിച്ചു. മുൻകരുതലെന്ന നിലയിൽ സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.