ജെയിംസ് കൂടല്‍
കളിക്കളത്തിന്റെ ആവേശം എക്കാലവും നെഞ്ചിലേറ്റിയവരാണ് മലയാളികള്‍. കാല്‍പന്തും ക്രിക്കറ്റുമൊക്കെ മതിമറന്ന് ആസ്വദിച്ച പാരമ്പര്യവും നമുക്കുണ്ട്. എന്നാല്‍ കാര്യവട്ടത്തെ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ നമ്മുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് ക്രിക്കറ്റ് കളിയ്‌ക്കേണ്ടി വന്നതിന് ഉത്തരവാദികള്‍ ആരൊക്കെയാണ്? 55,000 സീറ്റുള്ള സ്റ്റേഡിയത്തില്‍ വിറ്റഴിഞ്ഞത് 57,00 ടിക്കറ്റുകള്‍ മാത്രം. കളി കാണാന്‍ മലയാളി മറന്നതോ, മടുത്തതോ അല്ല, ഞായറാഴ്ച ദിവസത്തെ അവധിദിനത്തില്‍ കളിക്കളം കാണാതെപോയതും അല്ല. മലയാളിയെ പരിഹസിച്ച കായികമന്ത്രിക്കും മറ്റ് പരിവാരങ്ങള്‍ക്കുമുള്ള മറുപടിയായിരുന്നു അത്. മന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കേരളത്തിലെ പട്ടിണിപാവങ്ങള്‍ കൊടുത്ത നല്ല അസ്സല്‍ പണി.
കേരളത്തിന്റെ കായികചരിത്രത്തിലെ തന്നെ മങ്ങലേറ്റ അധ്യായമാണിത്. അപമാനമെന്ന് പരിഹസഹിച്ചാലും അംഗീകരിക്കാതെ വഴിയില്ല. കാണികള്‍ കുറഞ്ഞ കേരളത്തില്‍ ഇനി എന്തിന് കളി നടത്തണമെന്ന് ബിസിസിഐ ചോദിച്ചാലും ആര്‍ക്കാണ് തെറ്റു പറയാന്‍ കഴിയുക? ക്രിക്കറ്റ്താരം യുവരാജ് സിംങ് പറഞ്ഞതും നാമിന്ന് ഗൗരവത്തോടെ കാണണം. ‘പകുതി ഒഴിഞ്ഞ ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയം, ഏകദിനക്രിക്കറ്റ് മരിക്കുകയാണോ?’ എന്നാണ് അദ്ദേഹം ട്വിറ്റ് ചെയ്തത്. എന്നാല്‍ ഏകദിന മത്സരങ്ങളുടെ അവസാനമല്ല കായികമന്ത്രിയുടെ നിലതെറ്റിയ നാക്കാണ് ഇതെന്ന് അദ്ദേഹം തിരിച്ചറിയാതെ പോയിട്ടുണ്ടാകും.
തുടര്‍ച്ചയായി രണ്ടാംവട്ടവും ഭരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. അതിലെ ഒരു മന്ത്രിതന്നെയാണ് പട്ടിണി പാവങ്ങളായ കേരളീയര്‍ കളി കാണാനെത്തണ്ട എന്ന് വളരെ ലാഘവത്തോടെ പറഞ്ഞത്. കേരളത്തില്‍ പട്ടിണിപാവങ്ങള്‍ എങ്ങനെയുണ്ടായി എന്നും അതിന് യാഥാര്‍ത്ഥ ഉത്തരവാദി ആരാണെന്നും പറയേണ്ട മന്ത്രിയാണ് എന്തക്കയോ വിളിച്ചു പറഞ്ഞത്. ജനങ്ങളെ യാഥാര്‍ത്ഥത്തില്‍ പരിഹസിക്കുകയായിരുന്നില്ലേ ഈ കായികമന്ത്രി. എന്നാല്‍ ഇത് വിവാദമായപ്പോള്‍ മന്ത്രി അബ്ദു റഹ്‌മാനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററും രംഗത്തെത്തി. തങ്ങള്‍ക്ക് എന്തും പറയാം എന്തും ചെയ്യാമെന്ന സിപിഎം മന്ത്രിമാരുടെയും നേതാക്കളുടെയും അഹന്തയുടെ തുടര്‍ച്ചയാണ് ഈ സംഭവവവും.
മന്ത്രിയെ ന്യായീകരിച്ചത് ചില അന്തം കമ്മികളും നേതാക്കളും മാത്രമാണ്. ഈ അഹന്തയ്ക്കുള്ള ചുട്ടമറുപടി ജനങ്ങള്‍ നല്‍കിയെന്നതാണ് ആളൊഴിഞ്ഞ കാര്യവട്ടത്തെ കസേരകള്‍. വരാന്‍ തയാറായവര്‍പോലും വെറുപ്പോടെ മടങ്ങി. കായികമന്ത്രിക്ക് കായികരംഗത്തോടുള്ള സമീപനം എന്താണെന്നു കൂടിയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ബിസിസിഐ വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്. ലോകകപ്പ് അടക്കമുള്ള മത്സരങ്ങള്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ പരിഗണിക്കേണ്ട ഗ്രൗണ്ടിലാണ് ഈ ദയനീയ അവസ്ഥയുണ്ടായത്. ദയവായി കായികപ്രേമികളോട് മാപ്പു പറയാനുള്ള മാന്യതയെങ്കിലും കാട്ടാന്‍ കായികമന്ത്രി തയാറാകണം. അല്ലെങ്കില്‍ കേരളത്തിലെ പട്ടിണിപാവങ്ങള്‍ക്കുവേണ്ടി മന്ത്രിസ്ഥാനം രാജിവച്ച് വേറെ പണിനോക്കണം.