പനാജി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്കാരം 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽ വന്നേക്കുമെന്ന് സൂചന. ഈ പരിഷ്‌കാരം നിലവിൽ കൊണ്ടുവരാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷനും ബിജെപി എംപിയുമായ പി.പി. ചൗധരി പറഞ്ഞു. ഗോവയിൽ സമിതിയുടെ രണ്ടുദിവസത്തെ യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചൗധരി.
നിർദിഷ്ട തിരഞ്ഞെടുപ്പ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിച്ചേരുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള വിവിധ കക്ഷികളുമായി ജെപിസി കൂടിക്കാഴ്ച നടത്തിയതായും ചൗധരി പറഞ്ഞു. കൂടിക്കാഴ്ച നടത്തിയതിൽ 99 ശതമാനം പേരും നിർദിഷ്ട പരിഷ്‌കാരത്തെ പിന്തുണച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവയിലെത്തിയ ജെപിസി, മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളുമായും തിരഞ്ഞെടുപ്പ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് അഭിപ്രായം ആരാഞ്ഞു.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, ഡൽഹി എന്നിവിടങ്ങളിലെ ഭരണഘടനാ വിദഗ്ധരും സിവിൽ സൊസൈറ്റി സംഘടനകളും വിദ്യാഭ്യാസ വിദഗ്ധരും ഉൾപ്പെടെയുള്ളവരുമായി ഇതിനകം കൂടിക്കാഴ്ച നടത്തിയെന്നും ചൗധരി പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.