ഹാനോവര്‍: ജര്‍മനിയിലെ ഹില്‍ഡെസ്‌ഹൈം രൂപതയിലെ സിറോ മലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ പാസ്റ്ററൽ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 14ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഹാനോവർ ബുർഗ്ഡോർഫിലെ സെന്റ് നിക്കോളാസ് പള്ളിയിൽ നടന്നു.
സിറോമലബാർ ക്രമത്തിലുള്ള പ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങിൽ ഹിൽഡെസ്‌ഹൈം രൂപതയുടെ എപ്പിസ്കോപ്പൽ ജനറൽ വികാരിയേറ്റ് പാസ്റ്ററൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോം കാപ്പിറ്റലാർ പ്രിലേറ്റ് ഡോ. ക്രിസ്റ്റ്യൻ ഹെന്നെക്കെ ഫാ. സിറിയക് ചന്ദ്രൻകുന്നേലിനെ എം.എസ്.ടി. സമൂഹത്തിന്റെ വികാരിയായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി അധികാരപത്രം കൈമാറി.
തുടർന്ന് യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് ഡോ. സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികനായി സിറോ മലബാർ ആരാധനാ ക്രമത്തിൽ കുർബാന അർപ്പിച്ചു. ഫാ. സിറിയക് ചന്ദ്രൻകുന്നേൽ, പ്രിലേറ്റ് ഡോ. ക്രിസ്റ്റ്യൻ ഹെന്നെക്കെ, ഹാനോവർ സെന്റ് മാർട്ടിൻ പള്ളി വികാരി ഫാ. ഫ്രാൻസ് കുർത്ത്, ഫാ. ഇഗ്നേഷ്യസ് ചാലിശ്ശേരി സിഎംഐ, ഫാ. ജോസഫ് മാത്യു എംഎസ്ടി., ഫാ. തോമസ് തണ്ണിപ്പാറ എന്നിവർ സഹകാർമികരായി.
കുർബാനയിലെ വായനകളും പ്രാർത്ഥനകളും മലയാളത്തിലും ജർമൻ ഭാഷയിലും നടത്തിയത് ജർമൻ കത്തോലിക്കാ സഭയോടുള്ള ഐക്യത്തെ സൂചിപ്പിക്കുന്നതായിരുന്നു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ബിഷപ് ഡോ. സ്റ്റീഫൻ ചിറപ്പണത്ത്, പ്രിലേറ്റ് ഡോ. ക്രിസ്റ്റ്യൻ ഹെന്നെക്കെ, ഫാ. ഫ്രാൻസ് കുർത്ത്, സിറോ മലബാർ റീത്ത് ജർമനിയുടെ ദേശീയ കോഓർഡിനേറ്റർ ഫാ. ഇഗ്നേഷ്യസ് ചാലിശ്ശേരി സിഎംഐ, ഫാ. ജോസഫ് മാത്യു, ഹിൽഡെസ്‌ഹൈം പാസ്റ്ററൽ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി നാദിൻ വിൽക്കെ, ഇടവക കൗൺസിൽ ചെയർമാൻ നോർബേർട്ട് ഹെഗെ, ഗൗരവ് ഗാർഗ്, ഉർസുല മില്ലർ, ലോക കേരള സഭ അംഗം ജോസ് കുമ്പിളുവേലിൽ (കൊളോൺ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.



