ലണ്ടൻ: ഇന്ത്യയും കാനഡയും തമ്മിൽ ഉടലെടുത്ത നയതന്ത്ര സംഘർഷത്തിന് അയവു വരുത്തണമെന്ന കാര്യം ഊന്നിപ്പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും. ഇരുവരും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ജൂണിൽ നടന്ന ഖാലിസ്താൻ വാദി നേതാവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ആരോപണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
വിയന കൺവെൻഷൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും എല്ലാ രാജ്യങ്ങളും മാനിക്കണമെന്ന് ഋഷി സുനക് സംഭാഷണത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് വൈകാതെതന്നെ പരിഹാരവമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.