സോഫിയ: ഇസ്രായേലിലെ തെൽ അവീവിൽനിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് പറക്കുകയായിരുന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി. എയർബസ് എ320 വിഭാഗത്തിൽപ്പെട്ട ഒഎസ് 82 (OS82) വിമാനമാണ് ഞായറാഴ്ച രാത്രി ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ വാസിൽ ലെവ്‌സ്‌കി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.
റൊമാനിയൻ അതിർത്തിക്ക് സമീപം പറക്കുന്നതിനിടെയാണ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനം സോഫിയയിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ബൾഗേറിയൻ വ്യോമസേനയുടെ മിഗ്-29 (MiG-29) യുദ്ധവിമാനത്തിന്റെ അകമ്പടിയോടെയാണ് വിമാനം സോഫിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതെന്ന് ബൾഗേറിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആറ് ജീവനക്കാരും 51 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിങ്ങിന് പിന്നാലെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിമാനത്തിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യം ഏർപ്പെടുത്തുമെന്ന് ഓസ്ട്രിയൻ എയർലൈൻസ് എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു.
സംഭവത്തെ തുടർന്ന് പ്രത്യേക പ്രതിസന്ധി പരിഹാര സമിതി (ക്രൈസിസ് റെസ്പോൺസ് ടീം) രൂപീകരിച്ചതായും അന്വേഷണം ആരംഭിച്ചതായും ബൾഗേറിയൻ അധികൃതർ വ്യക്തമാക്കി. ഫ്‌ലൈറ്റ് ട്രാക്കിങ് സൈറ്റായ ഫ്‌ലൈറ്റ് എവെയറിലെ വിവരങ്ങൾ പ്രകാരം തെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 6:46-ന് പുറപ്പെട്ട വിമാനം മൂന്ന് മണിക്കൂറോളം സഞ്ചരിച്ച് രാത്രി 9:43-നാണ് സോഫിയയിൽ ഇറങ്ങിയത്. റൊമാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് പിന്നാലെ അടിയന്തര ഘട്ടങ്ങൾ സൂചിപ്പിക്കുന്ന ‘7700 സ്‌ക്വാക്ക് കോഡ്’ വിമാനത്തിൽനിന്ന് പുറപ്പെടുവിച്ചതായും തുടർന്ന് തെക്കോട്ട് തിരിഞ്ഞ് ബൾഗേറിയയിലേക്ക് നീങ്ങുകയുമായിരുന്നുവെന്നും ഫ്‌ലൈറ്റ്‌റഡാർ24, എഡിഎസ്-ബി എക്‌സ്‌ചേഞ്ച് വിവരങ്ങൾ വ്യക്തമാക്കുന്നു
Leave a Comment
Your comment will be visible after admin approval.