ചൈനീസ് കമ്പനികൾക്കുവേണ്ടി രഹസ്യവിവരങ്ങൾ ചോർത്തി: ഗൂഗിളിലെ മുൻ സോഫ്റ്റ്‌വേർ എൻജിനിയർ കുറ്റക്കാരനെന്ന് കോടതി

Global Indian Writer · September 2, 2026 · 1 min read · 0 Comments · 0 Shares

ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ മുൻ സോഫ്റ്റ്‌വേർ എൻജിനിയർ ലിൻവെയ് ഡിങ് കുറ്റക്കാരനെന്ന് യുഎസ് കോടതി കണ്ടെത്തി. ചൈനീസ് കമ്പനികൾക്കുവേണ്ടിയാണ് ഡിങ് രഹസ്യവിവരങ്ങൾ ചോർത്തിയതെന്നാണ് കണ്ടെത്തൽ. 12 മാസത്തെ തടവുശിക്ഷയാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്. ഇതിൽ ഒരു ദിവസത്തിന്റെ ഇളവു ലഭിക്കും.

ടെൻസർ പ്രോസസിങ് യൂണിറ്റ് (ടി.പി.യു.), ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് (ജി.പി.യു.) സംവിധാനങ്ങൾ ഉൾപ്പെടെ, വൻകിട എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനുള്ള ഗൂഗിളിന്റെ ഹാർഡ്‌വേർ സംവിധാനങ്ങളും സോഫ്റ്റ്‌വേർ പ്ലാറ്റ്‌ഫോമും സംബന്ധിച്ച വിവരങ്ങളാണ് ലിൻവെയ് ഡിങ് ചൈനീസ് കമ്പനികൾക്ക് കൈമാറിയത്.

ബിരുദാനന്തരബിരുദം നേടുന്നതിനാണ് 2010-ൽ ചൈനക്കാരനായ ലിൻവേയ് ഡിങ് യുഎസിൽ എത്തിയത്. പിന്നീട് സിലിക്കൺ വാലിയിലെ വിവിധ സാങ്കേതികവിദ്യാ കമ്പനികളിൽ പ്രവർത്തിച്ചതിനുശേഷം ഇയാൾ 2019-ൽ ഗൂഗിളിലെത്തി. 2021-ൽ യുഎസിലെ സ്ഥിരതാമസക്കാരനാവുകയും ചെയ്തു.

നിർമിതബുദ്ധിയെ പരിശീലിപ്പിക്കുന്നതിനുള്ള ഗൂഗിളിന്റെ സൂപ്പർ കംപ്യൂട്ടിങ് ഡാറ്റാ സെന്ററുകൾ നിർമിക്കാനുള്ള ഹാർഡ്‌വേർ, സോഫ്റ്റ്‌വേർ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാൾ ചോർത്തിയത്. ഗൂഗിളിന്റെ നെറ്റ്‌വർക്കിൽനിന്ന് തന്റെ സ്വന്തം ഗൂഗിൾ ക്ലൗഡ് അക്കൗണ്ടിലേക്കാണ് ഇയാൾ രഹസ്യവിവരങ്ങൾ മാറ്റിയത്. 2022 മേയ് 21 മുതൽ 2023 മേയ് വരെ ഇത് തുടർന്നു. ഒരുവർഷം അഞ്ഞൂറോളം രഹസ്യഫയലുകൾ ഈ രീതിയിൽ ഡിങ് അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഗൂഗിളിന്റെ അഭിഭാഷകർ പറഞ്ഞു.

ദശാബ്ദങ്ങളുടെ ഗവേഷണഫലമായാണ് എഐയെ പരിശീലിപ്പിക്കുന്നതിനുള്ള ഗൂഗിൾ ടെൻസർ പ്രൊസസിങ് യൂണിറ്റുകൾ (ടിപിയു) വികസിപ്പിച്ചത്. ഈ വിവരങ്ങൾ ലഭിച്ചാൽ വർഷങ്ങളുടെ കഠിനാധ്വാനം ലാഭിച്ച് ചൈനീസ് കമ്പനികൾക്ക് സൂപ്പർ കംപ്യൂട്ടറുകൾ സ്ഥാപിക്കാനും എഐയെ പരിശീലിപ്പിച്ച് മുന്നേറാനും സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ജനുവരിയിൽ നടന്ന 11 ദിവസം നീണ്ട വിചാരണയിൽ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ സ്വത്ത് മോഷ്ടിക്കാനുള്ള ആസൂത്രിതവും ധിക്കാരപരവുമായ ശ്രമമെന്നാണ് ഇതിനെ കോടതി വിശേഷിപ്പിച്ചത്. ജയിൽശിക്ഷ കഴിഞ്ഞാൽ പ്രത്യേക ഉദ്യോഗസ്ഥന്റെ നിരീക്ഷണത്തിലും മേൽനോട്ടത്തിലും രണ്ടു വർഷക്കാലം ഇയാൾ ജീവിക്കേണ്ടിവരും. കൂടാതെ 25,000 ഡോളർ പിഴയടയ്ക്കണം. നഷ്ടപരിഹാരമായി 1,89,000 ഡോളറിലധികം തുകയും ഡിങ് നൽകേണ്ടിവരും.

Share this story

Leave a Comment

Your comment will be visible after admin approval.