ദുബായ്: യുഎഇയിൽ ഈ വാരാന്ത്യത്തിൽ പകൽസമയങ്ങളിൽ ചൂടേറിയതും പ്രഭാതങ്ങളിൽ ഈർപ്പം നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. പൊതുവെ തെളിഞ്ഞ ആകാശമായിരിക്കും അനുഭവപ്പെടുക, ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂടും ഈർപ്പവും കൂടുതൽ അനുഭവപ്പെടും. പുറത്തിറങ്ങാനും യാത്ര ചെയ്യാനും മറ്റ് വിനോദ പരിപാടികൾക്കും ഈ കാലാവസ്ഥ അനുകൂലമാണ്. രാജ്യത്ത് പൊതുവെ ശാന്തമായ കാലാവസ്ഥയാണെങ്കിലും തീരപ്രദേശങ്ങളോട് ചേർന്ന് ചിലയിടങ്ങളിൽ രാവിലെ നേരിയ മൂടൽമഞ്ഞോ കനത്ത ഈർപ്പമോ രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും.
∙ പ്രധാന നഗരങ്ങളിലെ താപനില
തലസ്ഥാനമായ അബുദാബിയിൽ കൂടിയ താപനില 30–31°സെൽഷ്യസ് വരെയും കുറഞ്ഞ താപനില 20°സെൽഷ്യസ് വരെയും ആയിരിക്കും. ഈർപ്പം 80–85% വരെ ഉയരാൻ സാധ്യതയുണ്ട്. ദുബായിൽ കൂടിയ താപനില 31°സെൽഷ്യസ് വരെയും കുറഞ്ഞ താപനില 18–21°സെൽഷ്യസ് വരെയും ആകും. ഈർപ്പം 80% വരെയാകാൻ സാധ്യതയുള്ള ഇവിടെ കാറ്റിന് മിതമായ വേഗവുമുണ്ടാകും.
ഷാർജയിൽ 30°സെൽഷ്യസ് കൂടിയ താപനിലയും 17°സെൽഷ്യസ് കുറഞ്ഞ താപനിലയും ആയിരിക്കും. അജ്മാൻ (30–21°സെൽഷ്യസ്), ഉമ്മുൽ ഖുവൈൻ (30–16-26°സെൽഷ്യസ്), റാസൽ ഖൈമ (30–17°സെൽഷ്യസ്) എന്നിവിടങ്ങളിലും സമാനമായ താപനിലയായിരിക്കും അനുഭവപ്പെടുക. ഈ നഗരങ്ങളിലെല്ലാം ഈർപ്പത്തിന്റെ അളവ് 80-85% വരെയാകാൻ സാധ്യതയുണ്ട്. ഫുജൈറയിൽ കൂടിയ താപനില 30°സെൽഷ്യസ് ആയി തുടരും (ഞായറാഴ്ച ഇത് 29°സെൽഷ്യസ് വരെ കുറയും). ഇവിടെ കുറഞ്ഞ താപനില 20°സെൽഷ്യസ് ആയിരിക്കും. അൽ ഐനിൽ കൂടിയ താപനില 31°സെൽഷ്യസും കുറഞ്ഞ താപനില 18°സെൽഷ്യസും ആയിരിക്കും.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ യുഎഇ സമയം 6.15ന് അൽ ദഫ്ര മേഖലയിലെ മെസൈറയിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്; 11.7°സെൽഷ്യസ്. വെള്ളിയാഴ്ച അൽ ഐനിലെ സ്വൈഹാനിൽ ഉച്ചയ്ക്ക് 2ന് രേഖപ്പെടുത്തിയ 34.2°സെൽഷ്യസ് ആയിരുന്നു ഏറ്റവും ഉയർന്ന താപനില.



