യുഎഇ: ദുബായ് സഫാരി പാർക്ക് വീണ്ടും തുറക്കുന്നു. ഇത്തവണ ‘വൈൽഡ് റൂൾസ്’ എന്ന പ്രമേയത്തിലാണ് ഏഴാം സീസണുമായി ഒക്ടോബർ 14 ന് സന്ദർശകർക്കായി വീണ്ടും തുറക്കുന്നത്. കൂടാതെ ആഘോഷത്തിന്റെ ഭാഗമായി സന്ദർശകർക്ക് സൗജന്യ ടിക്കറ്റുകളും നൽകുന്നു. വൈൽഡ് റൂൾസ് എന്ന ആശയത്തിലൂടെ പുതിയ ആളുകൾക്ക് കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും ഒരു വ്യക്തമായ പഠനം നൽകുക എന്നതാണ് പാർക്ക് ലക്ഷ്യമിടുന്നത്.
കൂടാതെ പാർക്ക് വീണ്ടും തുറക്കുന്നതിന്റെ പ്രചരണാർഥം ദുബായിലുടനീളം സഫാരി പാർക്കിന്റെ തീമിലുള്ള പ്രത്യേക ബസുകൾ നഗരത്തിൽ ഓടി തുടങ്ങി. ദുബായ് ഫ്രെയിം, ഖുറാനിക് പാർക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ബസുകൾ കാണാൻ സാധിക്കുക. ബസുകളിൽ ഒന്നിന്റെ ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ @DubaiSafariPark എന്ന് ടാഗ് ചെയ്ത് പങ്കുവെക്കുന്നവർക്ക് സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കാം.
അതേസമയം ലെമറുകൾ, കാണ്ടാമൃഗങ്ങൾ, വിദേശ പക്ഷികൾ എന്നിവയുൾപ്പെടെയുള്ള പഴയ പക്ഷിമൃഗാദികളെയും ഈ സീസണിലും സന്ദർശകർക്ക് കാണാം. ഒപ്പം തന്നെ ചില പുതിയ സൗകര്യങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. ‘എക്സ്പ്ലോറർ സഫാരി ടൂർ’ തുടങ്ങി വേഗത്തിൽ പ്രവേശിക്കുന്നതിനുള്ള സൗകര്യം ഇത്തവണ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ സ്വകാര്യ ടൂർ ഗൈഡ് പാക്കേജുകൾ കൂടെ ലഭ്യമാണ്. വന്യജീവികളെ അടുത്ത് കാണാനായി ചെറിയ ഗ്രൂപ്പുകൾ ആക്കി തരം തിരിച്ച് നിരവധി പാക്കേജുകളുണ്ട്. ജൈവവൈവിധ്യ സംരക്ഷണം കുട്ടികളെ പഠിപ്പിക്കുന്നത്തിനായി വർക്ക്‌ഷോപ്പുകളും വന്യജീവി പ്രഭാഷണങ്ങളും ഒരുക്കും.



