ദുബൈ: സ്വദേശിവത്കരണ നടപടികളിൽ പിറകോട്ടില്ലെന്ന മുന്നറിയിപ്പുമായി യു.എ.ഇ ഗവൺമെൻറ്. നിശ്ചിത സമയത്ത് ഇമാറാത്തി ജീവനക്കാരെ നിയമിക്കാത്ത സ്ഥാപനങ്ങൾ ഈ വർഷാവസാനത്തോടെ ഒരു ജീവനക്കാരന് 84,000 ദിർഹം എന്ന നിലയിൽ പിഴ അടക്കേണ്ടി വരും. സ്വകാര്യ കമ്പനികളിൽ സ്വദേശി അനുപാതം ഉയർത്താൻ കൂടുതൽ നടപടികൾക്കും സാധ്യതയേറിരിക്കുകയാണ്.
ഈവർഷം ജനുവരി ഒന്നിന് നിശ്ചിത എണ്ണം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾ 72,000 ദിർഹം പിഴ അടക്കേണ്ടി വരുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇതാണ് പ്രതിവർഷം 84,000 ദിർഹമായി ഉയർത്തിയിരിക്കുന്നത്. വിദഗ്ധ ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം ഇമാറാത്തി ജീവനക്കാരനെ നിയമിക്കണമെന്നാണ് നിയമം. ഈ വർഷം അവസാനത്തോടെ ഇത് നാല് ശതമാനമായി ഉയർത്തും. യു.എ.ഇ മന്ത്രി ഡോ. അബ്ദുൽ റഹ്‌മാൻ അൽ അവാറാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. വിദഗ്ധ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചാണ് സ്വദേശികളെ നിയമിക്കേണ്ടതെന്നും അൽ അവാർ വെളിപ്പെടുത്തി. 1000 ജീവനക്കാരുള്ള സ്ഥാപനത്തിൽ 100 പേർ മാത്രമാണ് വിദഗ്ധരുള്ളതെങ്കിൽ ഈ സ്ഥാപനം രണ്ട് ഇമാറാത്തികളെ നിയമിച്ചാൽ മതി. എന്നാൽ, 100 ജീവനക്കാരുള്ള സ്ഥാപനത്തിൽ എല്ലാവരും വിദഗ്ധ ജീവനക്കാരാണെങ്കിൽ ഇവരും രണ്ട് സ്വദേശികളെ നിയമിച്ചിരിക്കണം. കഴിഞ്ഞ വർഷം അവസാനത്തോടെ 9000 സ്ഥാപനങ്ങൾ സ്വദേശിവത്കരണ നിബന്ധന പാലിച്ചിട്ടുണ്ട്.