ദേശാഭിമാനത്തിന്റെ നിറവിൽ യുഎ ഇയിലെ ഇന്ത്യൻ പ്രവാസികളും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന ആഘോഷങ്ങൾക്ക് പുറമെ വിവിധ ഇന്ത്യൻ കൂട്ടായ്മകളും പരിപാടികൾ ഒരുക്കി. ശക്തമായ മഴ കണക്കിലെടുത്ത് ചില വിദ്യാലയങ്ങൾ ആഘോഷം അടുത്ത ദിവസത്തേക്ക് മാറ്റി.
അബൂദബി ഇന്ത്യൻ എംബസിയിൽ അംബാസഡർ സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ അംബാസഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ ഡോ. അമൻ പുരി പതാക ഉയർത്തി. റിപ്പബ്ലിക്ദിന സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷം വർണാഭമാക്കി.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ കോൺസുൽ ഉത്തംചന്ദ്, അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹീം എന്നിവർ ചേർന്ന് പതാക ഉയർത്തി. ഷാർജ ഇന്ത്യൻ സ്കൂളിലും ആഘോഷമൊരുക്കിയിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ടി വി നസീർ, മാത്യൂ ജോൺ, കെ ആർ രാധാകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, പ്രധാനാധ്യാപകരായ മിനി മേനോൻ, സ്വർണലത, ഡെയ്സി റോയ് തുടങ്ങിയവർ സംസാരിച്ചു.