ദുബായ് : ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റിയിൽ ഫോട്ടോണിക്സ് രംഗത്തെ ആദ്യത്തെ രാജ്യാന്തര സമ്മേളനം ആരംഭിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400 ഓളം ശാസ്ത്രജ്ഞരും ഗവേഷകരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു. പ്രധാനമായും വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെങ്കിലും, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
ഫോട്ടോണിക്‌സിന്‍റെ ഭാവി സാങ്കേതിക വിദ്യ പര്യവേക്ഷണം ചെയ്യുന്നതിനായി ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാനുള്ള അവസരവുമുണ്ടാകും. വെള്ളിയാഴ്ച നടന്ന ശില്‍പശാലയില്‍ പ്രഫ. ജോബി ജോസഫ് (ഡല്‍ഹി ഐഐടി), പ്രഫ. നന്ദകുമാര്‍ (ഫ്രാന്‍സ്), ഡോ. അജിത്കുമാര്‍ (യുഎഇ), പ്രഫ. മുരുകേശന്‍ (സിംഗപ്പൂര്‍) എന്നിവര്‍ സംബന്ധിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഗവേഷണ വികസനം, വിവിധ ചര്‍ച്ചകള്‍ എന്നിവയുണ്ടാകും. ഫോട്ടോണിക്സ് രംഗത്ത് 40 പുരസ്‌കാരങ്ങള്‍ അവസാനദിനമായ ഞായറാഴ്ച സമ്മാനിക്കും. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സജീവ പിന്തുണയോടെ ദുബായിലെ ഫോട്ടോണിക്‌സ് ഇന്നൊവേഷന്‍സും യുഎസിലെ ഫോട്ടോണിക്‌സ് ഗ്ലോബലും ചേര്‍ന്നാണ് മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഇവന്റ് ടെക്‌നോളജി ചെയര്‍മാനും കണ്‍വീനറുമായ പി.ടി. അജിത്കുമാര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.