റിയാദ്: സൗദിയിൽ റിയാദ് സീസൺ ആറാം പതിപ്പിന് തുടക്കമാവുന്നു. ഇത്തവണ ആദ്യമായി കോമഡി ഫെസ്റ്റിവൽ സീസണിന്റെ ഭാഗമാകും. ഇന്നലെയായിരുന്നു പ്രഖ്യാപനം. സൗദി, സിറിയൻ കലാ സാംസ്‌കാരിക പരിപാടികൾക്കായിരിക്കും പ്രാധാന്യം നൽകുക. സിറിയായിരിക്കും ഇത്തവണത്തെ അതിഥി രാജ്യം.
റിയാദിൽ വെച്ചായിരുന്നു ആറാം പതിപ്പിന്റെ പ്രഖ്യാപനം. ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി ചെയർമാൻ തുർകി അൽ അൽശൈഖായിരുന്നു പ്രഖ്യാപനം നടത്തിയത്. സൗദി, സിറിയൻ, മറ്റ് ഗൾഫ് മേഖലകളിലെ കലാ സാംസ്‌കാരിക പരിപാടികൾക്കായിരിക്കും ഇത്തവണ മുൻതൂക്കം നൽകുക.
കോമഡി ഫെസ്റ്റിവലും സീസണിന്റെ ഭാഗമാകും. ആദ്യമായാണ് കോമഡി ഫെസ്റ്റിവൽ സീസണിന്റെ ഭാഗമാകുന്നത്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 9 വരെയായിരിക്കും കോമഡി ഫെസ്റ്റിവൽ അരങ്ങേറുക. ബൊളിവാർഡ് സിറ്റിയിലായിരിക്കും വേദി. വിവിധ രാജ്യങ്ങളിൽ നിന്നായി പ്രശസ്തരായ 50 ൽ കൂടുതൽ കോമേഡിയൻമാർ പങ്കെടുക്കും. ഇതോടൊപ്പം മ്യൂസിക് പരിപാടികൾ, ഫുട്‌ബോൾ, ബോക്‌സിങ്, വേൾഡ് ചാമ്പ്യൻ ഷിപ്പുകൾ, എക്‌സിബിഷൻ തുടങ്ങിയവയും സീസണിന്റെ ഭാഗമാകും.



