റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രക്കാര്‍ക്ക് നടപടികള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ ഇത് വഴി സാധിക്കും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തന സജ്ജമായത്.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇലക്ട്രോണിക് സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തന സജ്ജമായി. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ദുഐലിജ്, ജവാസാത്ത് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് യഹിയ, നാഷണല്‍ അതോറിറ്റി ഫോര്‍ ഡാറ്റാ ആന്റ് ആര്‍്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്ല ബിന്‍ ഷറഫ് അല്‍ഗാംദി എന്നിവര്‍ ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു.
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നപടികള്‍ നേരിട്ട് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം എന്നതാണ് ഗേറ്റിന്റെ പ്രത്യേകത. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കി യാത്ര ചെയ്യാന്‍ ഇത് വഴി സാധിക്കും. യാത്രക്കാരുടെ വിരലടയാളം ഉപയോഗിപ്പെടുത്തിയാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ പ്രവര്‍ത്തിക്കുക.
പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്ത് വിരലടയാളം നല്‍കുന്നതോടെ ഗേറ്റ് ഓപ്പണാകും. കിംഗ് ഖാലിദ് വിമാനത്താവളത്തിലെ മൂന്ന് നാല് ടെര്‍മിനലുകളിലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. സംവിധാനം വഴി യാത്രക്കാര്‍ക്ക് സമയനഷ്ടമില്ലാതെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ജവസാത്ത് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹിയ പറഞ്ഞു. പദ്ധതി വൈകാതെ ജിദ്ദ ദമ്മാം വിമാനത്താവളങ്ങളിലും പ്രവര്‍ത്തിച്ചു തുടങ്ങും.