ദുബായ് : ശക്തമായ മഴ കാരണം റോഡുകളിലും മറ്റുമുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ മുനിസിപ്പാലിറ്റി, പൊലീസ് ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും കഠിന പ്രയത്നം തുടരുന്നു. റോഡുകളിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും മഴവെള്ളം ഒഴുക്കിവിടാൻ ദുബായ് മുനിസിപ്പാലിറ്റി ടാങ്കറുകളും പമ്പുകളും ഇന്നലെ വൈകിട്ടോടെ തന്നെ അയച്ചു. ദുബായ് മുഹൈസിന 4ലെയും മറ്റും മഴവെള്ളം നീക്കുന്ന പ്രവൃത്തി തുടരുന്നു.
ഇന്നലെ പെയ്ത കനത്ത മഴ, ഗതാഗതം തടസ്സപ്പെടുത്തിയപ്പോൾ കാൽനടയാത്രക്കാർക്കും മറ്റും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ യുഎഇ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഏറെ ശ്രദ്ധ പുലർത്തി. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അധികൃതർ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചുമുള്ള അപ്‌ഡേറ്റുകളും അലേർട്ടുകളും പോസ്റ്റ് ചെയ്യുന്നുമുണ്ട്.