ദോഹ: അണ്ടർ 23 ഏഷ്യൻ കപ്പിനൊരുങ്ങി ഖത്തർ. ലോകകപ്പും ഏഷ്യൻ കപ്പും ആരവം തീർത്ത മണ്ണിൽ ഇനി യുവത്വത്തിന്റെ കുതിപ്പാണ്. നാളെയുടെ താരങ്ങൾ ബൂട്ടുകെട്ടുന്ന അണ്ടർ 23 ഏഷ്യൻ കപ്പിന് തിങ്കളാഴ്ച കിക്കോഫ് വിസിൽ മുഴങ്ങും. മെയ് മൂന്നു വരെ നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ ഏഷ്യൻ ഫുട്‌ബോളിലെ 16 യുവശക്തികൾ മാറ്റുരയ്ക്കും. വൻകരയുടെ കിരീടത്തിനൊപ്പം ഈ വർഷം പാരീസിൽ നടക്കുന്ന ഒളിമ്പിക്‌സിലേക്കുള്ള വാതിൽ കൂടിയാണ് ഖത്തറിലെ ടൂർണമെന്റ്. ആദ്യ മൂന്നു സ്ഥാനക്കാർ നേരിട്ട് ഒളിമ്പിക്‌സ് യോഗ്യത നേടും. സെമി ഫൈനലിലെത്തുന്ന നാലാമത്തെ ടീമിന് ആഫ്രിക്കൻ ടീമുമായുള്ള പ്ലേഓഫിലൂടെയും ഒളിമ്പിക്‌സ് ബർത്തുറപ്പിക്കാൻ അവസരമുണ്ട്.