റിയാദ്: ഇറാക്കിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ അലിയേയും ഒമറിനേയും വേർതിരിക്കുന്ന ശസ്ത്രക്രിയ സങ്കീർണതകളില്ലാതെ സൗദിയിൽ വിജയകരമായി പൂർത്തിയാക്കി. ഡോ. അൽ റബീഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ആറു ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ 11 മണിക്കൂർ നീണ്ടു. സൗദിയിലെ കൺസൾട്ടന്റുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിംഗ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവരടങ്ങുന്ന 27 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നെഞ്ചും അടിവയറും ഒട്ടിപ്പിടിക്കുകയും കരൾ, പിത്തരസം, കുടൽ എന്നിവ പങ്കിടുകയും ചെയ്ത ഇരട്ടകളെ വേർപെടുത്താൻ ടീമിന് കഴിഞ്ഞു.
ഇറാക്കിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന അഞ്ചാമത്തെ ശസ്ത്രക്രിയയാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇറാക്കി സയാമീസുകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്. കുട്ടികളുടെ ആരോഗ്യ സ്ഥിതികളും ശസ്ത്രക്രിയ സാധ്യതകളും പഠിച്ച ശേഷമാണ് വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തിയത്.
1990 മുതലാണ് സയാമീസുകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതി ആരംഭിച്ചത്. ഇതുവരെ 23 രാജ്യങ്ങളിൽ നിന്നുള്ള 127 സയാമീസ് ഇരട്ടകൾക്ക് ശസ്ത്രക്രിയ നടത്താൻ സൗദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മെഡിക്കൽ ടീമിന്റെ തലവനായ ഡോ. അൽ റബീഹ പറഞ്ഞു.