ഇന്ത്യയുടെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമിക്കാൻ സ്വകാര്യ കമ്പനികൾക്ക് ക്ഷണം

Global Indian Writer · May 27, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) നിർമിക്കുന്നതിനായി സ്വകാര്യ കമ്പനികളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്രപരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ടാണ് എഎംസിഎ പദ്ധതിക്കായി സർക്കാർ താത്പര്യപത്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു പ്രധാന യുദ്ധവിമാന പദ്ധതിയിൽനിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി സ്വകാര്യ കമ്പനികളെ ക്ഷണിക്കുന്നത്.

ഏകദേശം 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ ആന്ധ്രാപ്രദേശിലെ പുതിയ കേന്ദ്രത്തിൽവെച്ച് അഞ്ച് പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്ക് പൂർണമായും ധനസഹായം നൽകുന്നത് സർക്കാരാണ്. ടാറ്റ, എൽ ആൻഡ് ടി തുടങ്ങിയ പ്രമുഖ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന കൺസോർഷ്യങ്ങളാണ് നിലവിൽ ഈ മത്സരരംഗത്തുള്ളത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എൽ ആൻഡ് ടി-ബിഇഎൽ- ഡൈനാമാറ്റിക്, ഭാരത് ഫോർജ്-ബിഇഎംഎൽ-ഡാറ്റ പാറ്റേൺസ് എന്നിവയാണ് ഈ കൺസോർഷ്യങ്ങൾ.

അത്യാധുനികമായ ഈ യുദ്ധവിമാനം സജ്ജമാകുന്നതോടെ, അമേരിക്കയും റഷ്യയും ഉൾപ്പെടുന്ന അത്യന്താധുനിക പ്രതിരോധ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഈ നീക്കം ഇന്ത്യൻ പ്രതിരോധ മേഖലയിലെ സുപ്രധാനമായ ഒരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആർഡിഒ) കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയുമായി (എഡിഎ) സഹകരിച്ചാണ് പ്രവർത്തിക്കേണ്ടത്. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ പുതുതായി നിർമ്മിക്കുന്ന 650 ഏക്കറിലുള്ള അത്യാധുനിക സൗകര്യത്തിലായിരിക്കും വിമാനത്തിന്റെ അഞ്ച് പ്രോട്ടോടൈപ്പുകളും ഒരു സ്ട്രക്ചറൽ ടെസ്റ്റ് വിമാനവും നിർമിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്ക് വിശദമായ ബിഡുകൾ സമർപ്പിക്കാൻ രണ്ടോ മൂന്നോ മാസം സമയമുണ്ട്. 2027 ജനുവരി-മാർച്ച് കാലയളവിൽ കരാർ നൽകുമെന്നും വിമാനത്തിന്റെ ആദ്യ പ്രോട്ടോടൈപ്പ് പരീക്ഷണം 2028-നും 2032-നും ഇടയിൽ നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 2035-ന് ശേഷം മാത്രമേ ഈ വിമാനങ്ങൾ സേനയുടെ ഭാഗമാവുകയുള്ളൂ.

സിംഗിൾ സീറ്റ്, ട്വിൻ എഞ്ചിൻ (ഇരട്ട എഞ്ചിൻ) വിമാനമായിരിക്കും നിർമിക്കുക. ശത്രുക്കളുടെ റഡാറുകളിൽ പെടാതിരിക്കാനുള്ള പ്രത്യേക ആവരണങ്ങളും ആയുധങ്ങൾ വിമാനത്തിനുള്ളിൽ തന്നെ സൂക്ഷിക്കാനുള്ള സംവിധാനവും ഇതിനുണ്ടാകും. യുഎസ് വിമാനങ്ങളായ എഫ്-22, എഫ്-35 എന്നിവയ്ക്ക് സമാനമായ സാങ്കേതികവിദ്യയാണിത്. 55,000 അടി ഉയരത്തിൽവരെ പറക്കാൻ കഴിയുന്ന ഈ വിമാനത്തിന് 1,500 കിലോ ആയുധങ്ങൾ ഉള്ളിലും 5,500 കിലോ ആയുധങ്ങൾ പുറത്തും വഹിക്കാനാകും. കൂടാതെ 6,500 കിലോ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുമുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.