ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

Global Indian Writer · November 7, 2026 · 1 min read · 0 Comments · 0 Shares

വാഷിങ്ടൺ: ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ നൽകുന്നവർക്ക് 20 മില്യൺ ഡോളർ (ഏകദേശം 180 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ആണവശാസ്ത്രജ്ഞർ, പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാർ, സാങ്കേതികവിദ്യകൾ, ശേഷികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അമേരിക്ക തേടുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പദ്ധതിയിലൂടെയാണ് പ്രഖ്യാപനം.

ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ സിഗ്നൽ ആപ്പ് വഴിയോ ടോർ അധിഷ്ഠിത വിവരശേഖരണ സംവിധാനത്തിലൂടെയോ കൈമാറാമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എക്സിൽ പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി. വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികത്തിന് പുറമെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള സഹായവും ലഭിച്ചേക്കാമെന്നും അറിയിപ്പിലുണ്ട്.

ഇറാൻ ആണവായുധം വികസിപ്പിക്കാനുള്ള ഏതൊരു നീക്കവും തടയാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് വാഷിങ്ടണും തെഹ്റാനും തമ്മിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് പ്രഖ്യാപനം.

അതേസമയം, ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്തുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ച ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. ഇറാന്റെ ആണവപദ്ധതി പൂർണമായി ഇല്ലാതാക്കാനും ഭാവിയിൽ അത് പുനരാരംഭിക്കാതിരിക്കാനും കൂടുതൽ ആക്രമണം ആവശ്യമാണോയെന്ന് തീരുമാനിക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.