ഡബ്ലിന്‍: അയർലൻഡിൽ പൗരത്വം തേടുന്നവർക്കുള്ള കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ‘ഐറിഷ് നാഷനാലിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഭേദഗതി) ബിൽ 2026നു സർക്കാർ അനുമതി നൽകി. കുടിയേറ്റ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങളെന്ന് ജസ്റ്റിസ് ഹോം അഫയേഴ്സ് ആൻഡ് മൈഗ്രേഷൻ മന്ത്രി ജിം ഒ’ ക്യാലഗന്‍ വ്യക്തമാക്കി.
പുതിയ ബില്ലിന്റെ ജനറൽ സ്കീം പ്രകാരം പൗരത്വത്തിനായുള്ള വ്യവസ്ഥകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പൗരത്വത്തിനായി രാജ്യത്ത് നിയമപരമായി താമസിക്കേണ്ട കാലയളവ് 5 വർഷത്തിൽ നിന്ന് 8 വർഷമായി ഉയര്‍ത്തി. ഇംഗ്ലിഷ്, ഐറിഷ് അല്ലെങ്കിൽ ഐറിഷ് ആംഗ്യഭാഷ എന്നിവയിലുള്ള ഭാഷാ പരിശോധനയും ഐറിഷ് പൗരബോധം, സമൂഹം, രാഷ്ട്രീയം എന്നിവ സംബന്ധിച്ച പരീക്ഷയും നിർബന്ധമാക്കും.
പൗരത്വത്തിന് അപേക്ഷിക്കുന്നവർ സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയിരിക്കണം. 2025ലെ സർക്കാർ പ്രോഗ്രാമിന്റെ തുടർച്ചയായാണ് ഈ നടപടികൾ. കുടിയേറ്റ സംവിധാനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും സാമൂഹിക ഐക്യം നിലനിർത്താനും ലക്ഷ്യമിട്ടാണ് ഈ നിയമഭേദഗതിയെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഐറിഷ് പൗരത്വം എന്നതു കേവലം കാലയളവ് പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ഒന്നല്ല, മറിച്ച് കഠിനാധ്വാനത്തിലൂടെയും നിയമം പാലിക്കുന്നതിലൂടെയും സാമൂഹിക പ്രവര്‍ത്തന പങ്കാളിത്തങ്ങളിലൂടെയും നേടിയെടുക്കേണ്ട പദവിയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക – സാമൂഹിക പുരോഗതിക്കു കുടിയേറ്റക്കാർ നൽകുന്ന സംഭാവനകളെ വിലമതിക്കുന്നതായും എന്നാൽ രാജ്യത്തിന്റെ നിയമ വ്യവസ്ഥയോടുള്ള പ്രതിബദ്ധത ഉറപ്പാക്കാനാണ് പുതിയ മാറ്റങ്ങളെന്നും മന്ത്രി ജിം ഒ ക്യാലഗൻ പറഞ്ഞു.
പൗരത്വം എന്നത് വളരെ വിലപ്പെട്ട ഒരു നിയമപരമായ പദവിയാണെന്നും, രാജ്യത്തിന്റെ സംസ്കാരവും ഭാഷയും മനസ്സിലാക്കുന്നത് ജനാധിപത്യ പ്രക്രിയയിൽ ഫലപ്രദമായി ഇടപെടാൻ പൗരന്മാരെ സഹായിക്കുമെന്നു കുടിയേറ്റ മന്ത്രി കോം ബ്രോഫി പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.