ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒ. സ്വകാര്യവത്കരണ പാതയിലേക്ക് നീങ്ങുന്നതിൽ ആശങ്കയറിയിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയത് ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു തർക്കത്തിന് വഴിതുറക്കുന്നു. ജി.എസ്.എൽ.വി എഫ്-17/ഇ.ഒ.എസ്-05 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് തൊട്ടുപിന്നാലെയാണ് സ്വകാര്യവത്കരണത്തിൽ ജീവനക്കാർ ആശങ്ക ഉയർത്തിയത്. ഐ.എസ്.ആർ.ഒയിലെ ഒൻപത് സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് സംയുക്തമായി ഒപ്പിട്ട അഞ്ച് പേജുള്ള കത്ത് ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന് സമർപ്പിച്ചിരിക്കുകയാണ്.
വിക്രം സാരാഭായി സ്പേസ് സെന്റർ, സതീഷ് ധവാൻ സ്പേസ് സെന്റർ, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ തുടങ്ങി പ്രധാനപ്പെട്ട പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ ചേർന്നാണ് കത്ത് നൽകിയത്. ഐ.എസ്.ആർ.ഒയുടെ ആകെ ജീവനക്കാരിൽ നാലിലൊന്നോളം പേരെ പ്രതിനിധീകരിക്കുന്നതാണ് ഈ സംഘടനകൾ. ദേശീയ താല്പര്യങ്ങൾ മുൻനിർത്തി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളും പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് പടുത്തുയർത്തിയ സ്ഥാപനത്തിന്റെ തന്ത്രപ്രധാനമായ ശേഷിയും സ്വകാര്യമേഖലയ്ക്ക് വിട്ടുനൽകുന്നതിലെ അപകടങ്ങളെക്കുറിച്ച് കത്തിൽ ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.
Leave a Comment
Your comment will be visible after admin approval.