ജിമ്മി ജോർജ് വോളിബോൾ: കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാർ; ഇരുവിഭാഗങ്ങളിലും കിരീടനേട്ടം

Global Indian Writer · May 28, 2026 · 1 min read · 0 Comments · 0 Shares

മാർട്ടിൻ വിലങ്ങോലിൽ

ലൂയീസ്‌വിൽ (ഡാലസ്): നോർത്ത് അമേരിക്കയിലെ മലയാളി കായിക മാമാങ്കമായ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാരായി. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്ക് (3-0) നയാഗ്ര സ്പാർട്ടൻസിനെ കീഴടക്കിയാണ് കാലിഫോർണിയ കിരീടം ചൂടിയത്. കനത്ത പോരാട്ടം കാഴ്ചവെച്ച നയാഗ്ര സ്പാർട്ടൻസ് റണ്ണേഴ്‌സ് അപ്പ് ട്രോഫി സ്വന്തമാക്കി.

ടൂർണമെന്റിലെ 40 പ്ലസ് വിഭാഗത്തിലും ക്യാപ്റ്റൻ ബിജു മാത്യു മുണ്ടമറ്റത്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാരായത് അവർക്ക് ഇരട്ടിമധുരമായി.

വ്യക്തിഗത പുരസ്കാരങ്ങൾ: ടൂർണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സിന്റെ ഗുർപ്രീത് (പ്രിൻസ്) ഗോത്ര ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ (MVP) ആയി തിരഞ്ഞെടുക്കപ്പെട്ടു. നയാഗ്ര സ്പാർട്ടൻസിന്റെ ലീയാൻഡർ പെരേര ‘ബെസ്റ്റ് ഒഫൻസീവ് പ്ലെയർ’ പുരസ്കാരത്തിന് അർഹനായി. കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സിന്റെ സൈമൺ ആന്റണി ‘ബെസ്റ്റ് സെറ്റർ’ ആയും, അഫ്‌സൽ പീർമുഹമ്മദ് (കാലിഫോർണിയ) ‘ബെസ്റ്റ് ഡിഫൻസീവ് പ്ലെയർ’ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിനൊപ്പം കളിച്ച മുൻ ഇന്ത്യൻ താരങ്ങളായ അബ്ദുൾ റസാഖ്, വാൾട്ടർ ബെഞ്ചമിൻ എന്നിവരും ഗ്രാൻഡ് സ്പോൺസർ ബിജു തോമസും (ലോസൺ ട്രാവൽസ്) ചേർന്നാണ് ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ സമ്മാനിച്ചത്. റണ്ണേഴ്‌സ് അപ്പിനുള്ള പുരസ്കാരങ്ങൾ ടൂർണമെന്റ് ചെയർമാൻ സുനിൽ വർഗീസും, ക്രിസ്റ്റൽ റൂഫിംഗ് ഡയമണ്ട് സ്പോൺസർ സിബി സെബാസ്റ്റ്യനും ചേർന്ന് സമ്മാനിച്ചു.

ഡാലസ് സ്ട്രൈക്കേഴ്‌സ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, ടൂർണമെന്റ് ഭാരവാഹികളായ മനോജ് പാപ്പൻ (ട്രഷറർ), ജിനു കുടിലിൽ, തങ്കച്ചൻ ജോസഫ്, സേവ്യർ ഫിലിപ്പ്, ടോമി ജോസഫ്, റോബിൻ ജോസഫ്, നെൽസൺ ജോസഫ്, സാക് തോമസ്, പ്രസാദ് എബ്രഹാം, ബിജു തോമസ്, ജോസ് തോമസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ടൂർണമെന്റ് സെക്രട്ടറി ജോസി ജോസഫ് നന്ദി പ്രകാശനം നടത്തി.

ബീന പാപ്പൻ, മെർലിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന-സമാപന ചടങ്ങുകളും കളിക്കാർക്കും സ്പോൺസർമാർക്കുമായുള്ള വിരുന്നും ക്രമീകരിച്ചത്.

ഫണ്ട് ശേഖരണാർത്ഥം ടോമി തലച്ചെല്ലൂരിന്റെ നേതൃത്വത്തിൽ നടത്തിയ റാഫിൾ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ഏഷ്യയിലേക്കോ യൂറോപ്പിലേക്കോ ഉള്ള രണ്ട് പേർക്കുള്ള വിമാന ടിക്കറ്റ് ഫാം ഇന്ത്യ റെസ്റ്റോറന്റ് ഉടമ ഷോണിസ് സ്വന്തമാക്കി. രണ്ടാം സമ്മാനമായ മാക് ബുക്ക് ലിസ ഫിലിപ്പിന് ലഭിച്ചു. മൂന്നാം സമ്മാനമായ ഐപാഡിന്റെ വിജയിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘാടകർ.

ടൂർണമെന്റ് വൻ വിജയമാക്കാൻ സഹായിച്ച എല്ലാ സ്പോൺസർമാർക്കും വോളിബോൾ പ്രേമികൾക്കും ഡാലസ് സ്ട്രൈക്കേഴ്‌സ് കമ്മിറ്റി നന്ദി അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.