കൈരളി കപ്പ് സോക്കർ ടൂർണമെൻറ് ന്യൂഹൈഡ് പാർക്കിൽ സെപ്തംബർ 5 ശനിയാഴ്ച്ച നടത്തുന്നു

Global Indian Writer · September 4, 2026 · 1 min read · 0 Comments · 0 Shares

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: നാല്പതാമത് വാർഷികം ആഘോഷിക്കുന്ന ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൈരളി കപ്പ് സോക്കർ ടൂർണ്ണമെൻറ് ആവേശോജ്ജ്വലമായി ന്യൂഹൈഡ് പാർക്കിൽ സെപ്തംബർ 5 ശനിയാഴ്ച്ച നടത്തുന്നു. ന്യൂഹൈഡ് പാർക്കിലെ ഡെന്റൻ അവന്യുവിന് സമീപമുള്ള മൈക്കിൾ ജെ. ടള്ളി പാർക്കിൽ (Michael J. Tully Park, 1801 Evergreen Ave, New Hyde Park, NY 11040) ശനിയാഴ്ച്ച രാവിലെ 9 മുതൽ ആരംഭിക്കുന്ന സോക്കർ ടൂർണ്ണമെന്റിൽ ഏഴ് ടീമുകൾ മാറ്റുരക്കുന്നു. ഫുട്ബോൾ പ്രേമികളെ ആവേശം കൊള്ളിക്കുന്ന കൈരളി കപ്പ് ടൂർണ്ണമെൻറ് എല്ലാ വർഷവും ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്.

ന്യൂജേഴ്‌സി ട്രൈ സ്റ്റേറ്റ് ഫുട്ബോൾ ക്ലബ്ബ് , ന്യൂ ഇംഗ്ലണ്ട് NEMM ഫുട്ബോൾ ക്ലബ്ബ് , ഫിലാഡൽഫിയ ആർസെനൽസ്, വെസ്റ്റ് ചെസ്റ്റർ ചലഞ്ചേർസ് ,റോക്‌ലാൻഡ് തടിയൻസ് ഫുട്ബോൾ ക്ലബ്ബ് , മലയാളീ സ്പോർട്സ് ക്ലബ്ബിൻറെ സ്വന്തം ടീം ആയ ന്യൂയോർക്ക് ഐലൻഡേഴ്‌സ്, ന്യൂയോർക്ക് റേഞ്ചേഴ്‌സ് എന്നീ ഏഴ് ടീമുകളാണ് വാശിയേറിയ മത്സരങ്ങളിലൂടെ ഏറ്റുമുട്ടുന്നത്. ന്യൂയോർക്ക് ഐലൻഡേഴ്‌സ് ടീമാണ് കഴിഞ്ഞ വർഷത്തെ കൈരളി കപ്പ് ജേതാക്കൾ.

സ്പോര്ട്സിൻറെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മലയാളീ സ്പോർട്സ് ക്ലബ്ബിന് തങ്ങളുടേതായ സോക്കർ ടീം, ബാസ്കറ്റ് ബോൾ ടീം, ക്രിക്കറ്റ് ടീം, ബാഡ്‌മിന്റൺ ടീം, വോളീബോൾ ടീം എന്നിങ്ങനെ വിവിധ ടീമുകളുണ്ട്. അവ പല നാഷണൽ മത്സരങ്ങളിൽ പങ്കെടുത്തു വിജയികളാകാറുണ്ട്. അതോടൊപ്പം സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും, സ്പോർട്സിൽ താൽപ്പര്യമുള്ളവർക്കും സോക്കർ, ക്രിക്കറ്റ്, ബാഡ്‌മിന്റൺ തുടങ്ങിയ വിവിധ സ്പോർട്സ് ഇനങ്ങളിൽ പരിശീലനം നൽകുന്നതിനും സ്പോർട്സ് ക്ലബ്ബ് മുൻകൈ എടുത്ത് പ്രവർത്തിക്കുന്നുണ്ട്.

“മയക്കുമരുന്നിന്റെയും, ലഹരി പദാർഥങ്ങളുടെയും പിടിയിൽ നമ്മുടെ സ്കൂൾ കുട്ടികളും, യുവാക്കളും വഴുതി വീഴാതിരിക്കുന്നതിന് സ്പോർട്സ് മേഖലയിലേക്ക് അവരുടെ ശ്രദ്ധ തിരിച്ച് അവർക്ക് നല്ല പരിശീലനം കൊടുത്ത് സമൂഹത്തിന് കൊള്ളാവുന്ന പൗരന്മാരായി മാറ്റിയെടുക്കുന്നതിൽ മലയാളീ സ്പോർട്സ് ക്ലബ്ബ് കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി നല്ലൊരു പങ്കാണ് വഹിക്കുന്നത്. സാമ്പത്തിക പരിമിതികൾ മൂലം പലപ്പോഴും കൂടുതൽ പരിശീലനങ്ങൾ നൽകുന്നതിനോ മറ്റു സംസ്ഥാനങ്ങളിൽ വച്ച് നടക്കുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് ടീമുകളെ കൊണ്ടുപോകുന്നതിനോ പലപ്പോഴും സാധിക്കാറില്ല. പരിശീലനത്തിന് വരുന്ന കുട്ടികളുടെ മാതാപിതാക്കളും സ്പോർട്സ്ക്ലബ്ബ് ചുമതലക്കാരും അവരവരുടെ പോക്കറ്റിൽ നിന്നും ചെലവ് ചെയ്ത് പോകുന്നതിനാൽ ഒരു പരിധിയിലധികം ഈ ക്ലബ്ബിന് മുമ്പോട്ട് പ്രവർത്തിക്കുവാൻ ബുദ്ധിമുട്ടാകുന്നുണ്ട്.” കഴിഞ്ഞ ആറ് വർഷമായി ക്ലബ്ബിൻറെ പ്രസിഡന്റായി പ്രവർത്തിക്കുന്ന സജി തോമസ് ന്യൂഹൈഡ് പാർക്കിൽ പ്രസ്താവിച്ചു.

പ്രസിഡൻറ് സജിയോടൊപ്പം ആല്മാർത്ഥമായി പ്രവർത്തിക്കുന്ന സെക്രട്ടറി സക്കറിയ മത്തായി, ട്രഷറർ മാത്യു ചേരാവള്ളിൽ, വൈസ് പ്രസിഡന്റുമാരായ രഘു നൈനാൻ (അഡൾട്ട് പ്രോഗ്രാം), സന്തോഷ് കെ. ഫിലിപ്പ് (യൂത്ത് പ്രോഗ്രാം), ഈപ്പൻ ചാക്കോ (ഫിനാൻസ്), ജോയിന്റ് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവരും, വിവിധ സ്പോർട്സ് ടീമുകളുടെ കോർഡിനേറ്റർമാരായ ജേക്കബ് വർക്കി (ബാഡ്മിന്റൺ), കാൽവിൻ സാം (ബാസ്‌ക്കറ്റ് ബോൾ), ബിജു ഫിലിപ്പ് (ക്രിക്കറ്റ്), ലീജോ കള്ളിക്കാടൻ (സോക്കർ), റയാൻ ഉമ്മൻ (വോളീബോൾ) എന്നിവരും അക്ഷീണ പരിശ്രമം നടത്തിയാണ് ഈ സ്പോർട്സ് ക്ലബ്ബിനെ മുമ്പോട്ട് നയിക്കുന്നത്.

ജോസ് കള്ളിക്കാടൻ, വർഗ്ഗീസ് മാത്യു, റെജി ജോർജ്, ജോൺ ജോസഫ്, ഷെറിൻ എബ്രഹാം, രാജു പറമ്പിൽ, ജേക്കബ് എബ്രഹാം, രേഖ ജേക്കബ്, പ്രദീപ് ജോസഫ്, ബിജു മാത്യു എന്നിവർ സ്പോർട്സ് ക്ലബ്ബിന്റെ ഉപദേശക സമിതി അംഗങ്ങളും, ബിജു ചാക്കോ ഓഡിറ്ററുമായി പ്രവർത്തിക്കുന്നു. ശനിയാഴ്ച നടക്കുന്ന കൈരളി കപ്പ് ടൂർണ്ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്തുത ചുമതലക്കാരെല്ലാവരും അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. പ്രവേശനം സൗജന്യമായതിനാൽ എല്ലാ സ്‌പോർട്സ് പ്രേമികളെയും ഈ മത്സരം കാണുവാനും കളിക്കാരെ പ്രോത്സാഹിപ്പിക്കുവാനും മൈക്കിൾ ജെ. ടള്ളി പാർക്കിൽ ശനിയാഴ്ച രാവിലെ മുതൽ എത്തിച്ചേരുവാൻ സംഘാടകരായ ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (1) പ്രസിഡൻറ് സജി – (646) 591-8465 (2) സെക്രട്ടറി സാക്ക് – (917) 208-1714 (3) സോക്കർ കോർഡിനേറ്റർ ലീജോ – (973) 202-5788 (4) ട്രഷറർ ഷെറി – (516) 587-1403 (5) ബെൻ – (516) 514-9584.

Share this story

Leave a Comment

Your comment will be visible after admin approval.