കണ്ണീരിന്റെ തുരുത്തുകളിൽ പെയ്തിറങ്ങിയ വചനസാന്നിധ്യം: ഡാളസ് സെന്റ് പോൾസ് മാർത്തോമാ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം

Global Indian Writer · July 25, 2026 · 1 min read · 0 Comments · 0 Shares

പി. പി. ചെറിയാൻ

ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2026-ലെ വാർഷിക കൺവെൻഷന് പ്രാർത്ഥനാപൂർവ്വം ഭക്തിനിർഭരമായ തുടക്കമായി.

ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി റവ. റെജിൻ അച്ചന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ചടങ്ങുകൾക്ക് തിരിതെളിഞ്ഞത്. മാർത്തോമാ സഭയിലെ പ്രമുഖ വേദപണ്ഡിതനും മികച്ച കൺവെൻഷൻ പ്രാസംഗികനുമായ റവ. റോബിൻ വർഗീസ് ഒന്നാം ദിനത്തിൽ ദൈവവചന പ്രഘോഷണം നടത്തി.

സങ്കീർത്തനം 119:82-83 വാക്യങ്ങളിലെ ‘പുകയിൽ വെച്ച തുരുത്തി’ എന്ന പ്രതീകാത്മകതയെയും, 1 രാജാക്കന്മാർ 17-ാം അധ്യായത്തിലെ സാരെഫാത്തിലെ വിധവയുടെ അനുഭവത്തെയും ആസ്പദമാക്കിയായിരുന്നു റവ. റോബിൻ വർഗീസിന്റെ സന്ദേശം.

“മനുഷ്യജീവിതത്തെ ഏറ്റവും കൂടുതൽ തകർക്കുന്നത് ദാരിദ്ര്യമോ രോഗമോ അല്ല, മറിച്ച് നിരാശയാണ്. ലോകം നൽകുന്ന തുരുത്തികൾ ഒരുനാൾ ശൂന്യമായേക്കാം. എന്നാൽ ‘ഞാൻ നിന്റെ തുരുത്തി ശൂന്യമാകാൻ അനുവദിക്കുകയില്ല’ എന്ന് അരുളിച്ചെയ്യുന്ന ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിലെ കണ്ണീരിനെയും വേദനകളെയും പ്രത്യാശയാക്കി മാറ്റും.” എന്ന് അച്ചൻ ഓർമ്മിപ്പിച്ചു.

സെക്രട്ടറി സോജി സ്കറിയാ, രാജൻ കുഞ്ഞു ചിറയിൽ, കെ എസ് മാത്യു ,ആനി ജോർജ് ,ട്രസ്റിമാരായ രാജു ചാക്കോ,ജിപ്സൺ എന്നിവർ വിവിധ പരിപാടികൾക്ക് നേത്ര്വത്വം നൽകി

അനുഗ്രഹപ്രദമായ ഈ പ്രാരംഭ ദിന യോഗത്തിൽ നിരവധിയാളുകളാണ് പ്രാർത്ഥനാപൂർവ്വം സംബന്ധിച്ചത്.

ജൂലൈ 25, ശനി വൈകിട്ട് 6:30-ന് കൺവെൻഷൻ യോഗം ആരംഭിക്കും. റവ. റോബിൻ വർഗീസ് തുടർന്നും വചനശുശ്രൂഷ നിർവ്വഹിക്കും.
ജൂലൈ 26, ഞായർ രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം വിവിധ പരിപാടികളോടെ വിപുലമായ പാരിഷ് ഡേ ആഘോഷങ്ങൾ നടക്കും.

കൺവെൻഷന്റെയും പാരിഷ് ഡേ ആഘോഷങ്ങളുടെയും വിജയത്തിനായി എല്ലാ വിശ്വാസികളും പ്രാർത്ഥനാപൂർവ്വം കടന്നുവരണമെന്ന് ഇടവക വികാരി റവ. റെജിൻ അച്ചനും സെക്രട്ടറി സോജി സ്കറിയയും അഭ്യർത്ഥിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.