തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന 24-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനങ്ങൾക്ക് ജനുവരി 9-ന് തലസ്ഥാനത്ത് തുടക്കമാകും. 2002-ൽ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയി തുടക്കം കുറിച്ച ഈ ദിനാചരണം, മൂന്ന് ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് ഇത്തവണയും നടക്കുന്നത്.
ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിൽ വെച്ച് ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും.രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 10:30-ന് സ്റ്റാച്യു ട്രിവാൻഡ്രം ഹോട്ടലിലെ പത്മ കഫേ ഹാളിൽ പ്രവാസികൾ നേരിടുന്ന വിവിധ വെല്ലുവിളികളെയും പ്രശ്നങ്ങളെയും കുറിച്ച് സെമിനാർ സംഘടിപ്പിക്കും. മടങ്ങിയെത്തിയ പ്രവാസികളുടെ ക്ഷേമപദ്ധതികൾ ചർച്ച ചെയ്യുന്ന സെമിനാറിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും.
ഞായറാഴ്ച വൈകുന്നേരം 5:30-ന് തമ്പാനൂർ ഡെമോറ ഹോട്ടൽ കൺവെൻഷൻ ഹാളിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തോടെ ആഘോഷങ്ങൾ പൂർത്തിയാകും. ചടങ്ങിൽ പ്രവാസി ഭാരതി കേരള പുരസ്കാരങ്ങൾ വിതരണം ചെയ്യും. കൂടാതെ മുൻ ഗോവ ഗവർണർ ശ്രീ. പി.എസ്. ശ്രീധരൻ പിള്ള, മുൻ കേരള മന്ത്രി ശ്രീ. കെ.ഇ. ഇസ്മായിൽ എന്നിവർക്ക് ഇ.കെ നായനാർ സ്മാരക രാഷ്ട്രീയ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. കേരളത്തിൽ 2003 മുതൽ മുടങ്ങാതെ നടന്നുവരുന്ന പ്രവാസി ഭാരതീയ ദിനാഘോഷങ്ങളുടെ ഈ വർഷത്തെ പരിപാടികളിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.



