ന്യൂയോർക്ക് കേരളാ സമാജം ഫാമിലി പിക്‌നിക് ഏയ്‌സൻ ഹോവർ പാർക്കിൽ ജൂൺ 20 ശനി രാവിലെ 10 മുതൽ

Global Indian Writer · June 18, 2026 · 1 min read · 0 Comments · 0 Shares

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: അമേരിക്കയിൽ വേനൽക്കാലം ആരംഭിച്ചതോടെ വിവിധ സംഘടനകളും, ഫാമിലി കൂട്ടായ്മകളും, സൗഹൃദ ഗ്രൂപ്പുകളും വാരാന്ത്യ ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കുമായി വിവിധ പാർക്കുകളിലായി പിക്‌നിക്ക് സംഘടിപ്പിക്കുന്ന പതിവുണ്ട്. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ കഴിഞ്ഞ 54 വർഷമായി പ്രവർത്തിക്കുന്ന മലയാളികളുടെ അമേരിക്കയിലെ ഏറ്റവും ആദ്യ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിൻറെ ഈ വർഷത്തെ ഫാമിലി പിക്‌നിക്ക് സംഘടിപ്പിക്കുന്നതിന് തയ്യാറായിരിക്കുകയാണ്.

ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ ഈസ്റ്റ് മെഡോയിലുള്ള ഏയ്‌സൺ ഹോവർ പാർക്കിലെ മൂന്നാം നമ്പർ ഫീൽഡിൽ സമാജം അംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന് ഈ വർഷത്തെ ഫാമിലി പിക്‌നിക്ക് ആഘോഷിക്കുന്നതിനാണ് തയ്യാറെടുക്കുന്നത്. പിക്‌നിക്കിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായി സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ എന്നിവർ സംയുക്തമായി ലോങ്ങ് ഐലൻഡിൽ പ്രസ്താവിച്ചു.

സമാജം അംഗങ്ങൾക്ക് കുടുംബസമേതം പാർക്കിൽ സമ്മേളിച്ച് ഭക്ഷണം പാകം ചെയ്തും, കുശലങ്ങൾ പറഞ്ഞും സൗഹൃദം പങ്ക് വച്ചും വിവിധ കളികളിൽ ഏർപ്പെട്ടും ഒരു വാരാന്ത്യത്തിലെ സന്തോഷം പങ്കിടുന്നതിനുള്ള അവസരമാണ് ഫാമിലി പിക്‌നിക്ക്. ന്യൂയോർക്കിലെ മലയാളീ സംഘടനകളിൽ മിക്കവാറും എല്ലാ സംഘടനകളും നടത്തുന്ന ഇത്തരം പിക്നിക്കിലെ ഈ വർഷത്തെ ആദ്യ പിക്‌നിക്കാണ് കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ശനിയാഴ്ച ക്രമീകരിച്ചിരിക്കുന്നത്. അതിനായുള്ള വിവിധ ഭക്ഷണ സാധനങ്ങൾ പലരും ഭവനങ്ങളിൽ നിന്നും കൊണ്ടുവന്നും അല്ലെങ്കിൽ കൂട്ടായി പോയി കടകളിൽ നിന്നും വാങ്ങിയും പിക്‌നിക്ക് സ്പോട്ടിൽ എത്തിച്ച് ഒരുമിച്ച് പാകം ചെയ്ത് ഭക്ഷിക്കുകയാണ് പതിവ്. ഈ വർഷവും ലൈവ് ഓംലെറ്റും, ദോശയും, ചട്നിയും, സാമ്പാറും, കപ്പ പുഴുങ്ങിയതും, മത്തിക്കറിയും, നെയ് മീൻകറിയും, ചേമ്പ് പുഴുക്കും, ചിക്കനും, ബെർഗ്ഗറും, ബീഫും, സംഭാരവും, പഴ വർഗ്ഗങ്ങളും, മറ്റ് വിഭവങ്ങളും എല്ലാം ഉൾപ്പെടുത്തി വിഭവസമൃദ്ധമായ ഭക്ഷണം പാർക്കിൽ വച്ചു തന്നെ പാചകം ചെയ്ത് എല്ലാവരും ഒത്തുകൂടി സന്തോഷം പങ്കിടുന്നതിനാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്.

അതോടൊപ്പം തന്നെ പങ്കെടുക്കുന്നവരുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വോളീബോൾ, ഷട്ടിൽ ബാഡ്‌മിന്റൺ, ചീട്ട് കളി, കസേര കളി, വടം വലി, സ്‌പൂൺ ആൻഡ് ലെമൺ ഓട്ടം തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരവും നടത്തുന്നതാണ്. മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡ് സമ്മനമായി നൽകുന്നതിനും ക്രമീകരണങ്ങൾ ചെയ്യുന്നു.

പിക്‌നിക്കിൻറെ സുഗമമായ ഏകോപനത്തിനും നടത്തിപ്പിനുമായി പ്രസിഡൻറ് ഹേമചന്ദ്രൻറെയും ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫിന്റെയും നേതൃത്വത്തിൽ വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ജോയിൻറ് സെക്രട്ടറി ജോസ്സി സ്കറിയ, ട്രഷറർ വിനോദ് കെആർക്കേ, ജോയിൻറ് ട്രഷറർ മാമ്മൻ എബ്രഹാം, കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, വർഗ്ഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീര, ഏലിയാമ്മ അപ്പുക്കുട്ടൻ, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, സുനിൽ ചാക്കോ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ്, സജി എബ്രഹാം, ഓഡിറ്റർമാരായ ദീപു പോൾ, തോമസ് സക്കറിയ എന്നിവർ വിവിധ ചുമതലകൾ ഏറ്റെടുത്ത് അക്ഷീണം പ്രവർത്തിച്ചു വരുന്നു.

പിക്നിക്കിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ്. കേരളാ സമാജത്തിലെ എല്ലാ അംഗങ്ങളെയും മറ്റു വിവിധ സംഘടനകളിലെ അംഗങ്ങളെയും ഈ ശനിയാഴ്ചത്തെ പിക്ക്നിക്കിൽ പങ്കെടുക്കുന്നതിനായി ചുമതലക്കാരും സംഘാടകരും ചേർന്ന് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: President – (516) 366-9262; Secretary – (516) 455-8596; Treasurer – (516) 633-5208.

Share this story

Leave a Comment

Your comment will be visible after admin approval.