(ജോർജ് നടവയൽ)
ന്യൂജേഴ്സി: കേരള സംസ്ഥാന പിറവിയുടെ 70-ാം വാർഷികത്തിന്റെയും അമേരിക്കൻ ഐക്യ നാടുകളുടെ 250-ാം വാർഷിക ആഘോഷങ്ങളുടെയും സമന്വയ മുഹൂർത്തത്തിൽ, വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ‘നാമം’ (NAMAM) വിശിഷ്ടമായ ജേണൽ കവർ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന് നൽകിയ സേവനങ്ങളിലൂടെ, കേരളത്തോടും ഇന്ത്യയോടും അമേരിക്കയോടുമുള്ള ആദരവും സ്നേഹവും സമ്പുഷ്ടമാക്കിയ 250 പ്രമുഖ അമേരിക്കൻ മലയാളികളെ ആദരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
2026 നവംബർ 1 മുതൽ പ്രത്യേക ‘ഹൈലൈറ്റ്സ്’ ജേണൽ കവർ പരമ്പര ആരംഭിക്കും. 100 മുതൽ 250 വരെ അമേരിക്കൻ മലയാളി പ്രതിഭകളെ ഔദ്യോഗികമായി ആദരിക്കുന്നതുവരെ ഈ പ്രചാരണം തുടരുമെന്നും, അർഹരായ മുഴുവൻ വ്യക്തികളെയും ഉൾപ്പെടുത്തുന്നതിനായി ആവശ്യമെങ്കിൽ പരമ്പരയുടെ കാലാവധി നീട്ടുമെന്നും നാമം എക്സിക്യൂട്ടീവ് ബോർഡ് അറിയിച്ചു.
മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണൻ, ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് തുടങ്ങിയ ആഗോള പ്രശസ്തർക്ക് പുറമേ ഫൊക്കാന/ ഫോമാ പ്രസിഡന്റുമാർ, മാധ്യമപ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ, ജീവകാരുണ്യ പ്രവർത്തകർ, നഴ്സിംഗ്-വൈദ്യശാസ്ത്ര പ്രമുഖർ, ശാസ്ത്രജ്ഞർ, അധ്യാപകർ, നൃത്ത-സംഗീത അധ്യാപകർ, ചലച്ചിത്ര താരങ്ങൾ, എഴുത്തുകാർ, ആത്മീയ-സാംസ്കാരിക നേതാക്കൾ, വ്യവസായികൾ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരെയാണ് ഈ പരമ്പരയിലൂടെ ആദരിക്കുന്നത്.
ഇരു രാജ്യങ്ങളോടുമുള്ള ആഴമാർന്ന ബന്ധത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതിന് ഇന്ത്യയുടെ ത്രിവർണ്ണ പതാകയിലെ നിറങ്ങളും, അമേരിക്കൻ പതാകയിലെ നിറങ്ങളും ഒരുമിപ്പിച്ചുകൊണ്ടുള്ള മൾട്ടി-ലെയർ ബോർഡർ ഔട്ട്ലൈനോടെയാണ് ജേണലിന്റെ കവർ പേജ് ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ മലയാളി ഐക്യത്തിനും ഫൊക്കാനയുടെ രൂപീകരണ കാഴ്ചപ്പാടുകൾക്കും നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തി ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണനും ഭാരതത്തിൻ്റെ ഗാനഗന്ധർവനായ കെ ജെ യേശുദാസിനും സവിശേഷ ആദരവും ഇതിലൂടെ അർപ്പിക്കുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
നാമം സ്ഥാപകൻ മാധവൻ ബി. നായർ, പ്രസിഡന്റ് പ്രദീപ് മേനോൻ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് എബ്രഹാം, പി.ആർ.ഒ ജോർജ്ജ് നടവയൽ എന്നിവരടങ്ങുന്ന ടീമാണ് നേതൃത്വം നൽകുന്നത്.
Leave a Comment
Your comment will be visible after admin approval.