ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മുൻ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) മേധാവി സമന്ത് ഗോയലിനും യു.എസ് കോടതി സമൻസ് കൈമാറിയതായി റിപ്പോർട്ട്. ഖലിസ്താൻ ഭീകരൻ ഗുർപർവന്ത് സിങ് പന്നു നൽകിയ കേസിലാണ് നടപടി. വാഷിങ്ടനിലെ ഇന്ത്യൻ എംബസി വഴിയാണ് നടപടി. നിയമപരമായ ബാധ്യതയുടെ ഭാഗമായാണ് നടപടിയെന്നും കേസിലെ ആരോപണത്തിൽ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും യു.എസ് വ്യക്തമാക്കി.
തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പന്നൂൻ കേസ് നൽകിയത്. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സഹായത്തോടെ ഡോവൽ വധശ്രമത്തിന് പദ്ധതിയിട്ടെന്നാണ് പന്നൂന്റെ ആരോപണം. ഒക്ടോബർ 28ന് ന്യൂയോർക്കിലെ യു.എസ് ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ച രേഖയിൽ സമൻസ് കൈമാറിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 30ന് ഒപ്പിട്ട നയതന്ത്ര കുറിപ്പ് ഒക്ടോബർ ഒമ്പതിനാണ് ഇന്ത്യൻ എംബസിക്ക് അയച്ചത്.
എന്നാൽ പന്നൂന്റെ ഹരജി ‘കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ’ ആരോപണങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വിശേഷിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളും അടിസ്ഥാനരഹിതമായ കേസുകളും ഇന്ത്യ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിയമപരമായ രേഖകൾ കൈമാറുന്നതിനുള്ള അപേക്ഷകൾ നിയമ-നീതി മന്ത്രാലയമെന്ന നിയുക്ത കേന്ദ്ര അതോറിറ്റി വഴിയേ സമർപ്പിക്കാനാകൂവെന്നും ജയ്സ്വാൾ വ്യക്തമാക്കി.
പന്നൂന്റെ വധശ്രമവുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് സിവിൽ കേസ്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ 2023 ജൂണിൽ പ്രാഗിൽനിന്ന് അറസ്റ്റ് ചെയ്ത് യു.എസിലേക്ക് കൈമാറിയിരുന്നു. റോയുമായി ബന്ധമുണ്ടായിരുന്നുവെന്ന് യു.എസ് ആരോപിക്കുന്ന വികാസ് യാദവിനൊപ്പം ചേർന്ന് പന്നൂനെ വധിക്കാൻ ആളെ ഏർപ്പാടാക്കാൻ ശ്രമിച്ചെന്നാണ് ഗുപ്തക്കെതിരായ കേസ്.
പന്നൂനെയും സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസി’നെതിരെയും (എസ്.എഫ്.ജെ) ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ഇന്ത്യ നടപടി സ്വീകരിച്ചിട്ടുണ്ട്. 2019ൽ യു.എ.പി.എ പ്രകാരം സംഘടനയെ നിരോധിക്കുകയും പന്നൂനെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Leave a Comment
Your comment will be visible after admin approval.