കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഫേസ്ബുക്ക് കുറിപ്പില്‍ മറുപടി നല്‍കി കെ സുധാകരന്‍. അത് സുധാകരനല്ലേ എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുച്ഛത്തോടെ ചിരിച്ച പിണറായി വിജയനോടാണ് ഈ മറുപടിയെന്ന ആമുഖത്തോടെയാണ് പോസ്റ്റ്. എന്നെ പരിഹസിച്ച് ചിരിക്കാം. പക്ഷേ കേരളം ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് മറുപടി. മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണം നേരിടാന്‍ ഭയപ്പെടുന്നത് എന്തിനെന്നും ചോദ്യമുണ്ട്.
പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സിപിഐഎം പാര്‍ട്ടി എത്തിയെങ്കില്‍, അതിന്റെ ഉത്തരവാദിത്തം ആരുടേതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. പത്ത് വര്‍ഷത്തെ അധികാരത്തിന് ശേഷം പിണറായി വിജയനെ പിന്തുടരുന്നത് ഒരു രാഷ്ട്രീയ പ്രതികാരമല്ല അദ്ദേഹം തന്നെ ഒരിക്കല്‍ മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്ന അതേ നിയമത്തിന്റെ ചോദ്യം ചെയ്യലാണ്. പിണറായി വിജയാ, എന്റെ ചോദ്യങ്ങള്‍ക്ക് അത് സുധാകരനല്ലേ എന്ന് പറഞ്ഞ് ചിരിക്കാം. പക്ഷേ ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല കേരള ജനതയ്ക്കാണ്. കേരളം ഭരിക്കുന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണ് നീതിക്ക് മുന്നില്‍ ഒരിക്കലും തന്റെ സര്‍ക്കാര്‍ കണ്ണ് അടക്കില്ലെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
‘അത് സുധാകരനല്ലേ…’ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുച്ഛത്തോടെ ചിരിച്ച പിണറായി വിജയനോടാണ് ഈ മറുപടി.
പിണറായി വിജയാ, എന്നെ പരിഹസിച്ച് ചിരിക്കാം. പക്ഷേ കേരളം ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
ഒരു ചോദ്യം കേരളം കൃത്യമായി ചോദിക്കുകയാണ്:
എന്തുകൊണ്ടാണ് പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രം ഇത്രയും അന്വേഷണങ്ങള്‍?
എന്തുകൊണ്ട് അദ്ദേഹത്തിന്റെ മകള്‍ക്കെതിരായ ആരോപണങ്ങളില്‍ മാത്രം അന്വേഷണം?
എന്തുകൊണ്ട് മരുമകന്‍ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്വേഷണം?
സംഘപരിവാറിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന മറ്റ് ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ ഇതേ തരത്തിലുള്ള അന്വേഷണങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്?
ഇവയ്ക്കുള്ള ഉത്തരം രാഷ്ട്രീയ പ്രസംഗത്തിലല്ല, സുതാര്യമായ അന്വേഷണത്തിലൂടെയാണ് പുറത്തുവരേണ്ടത്.
കുറ്റം ചെയ്താലേ തെളിവ് കിട്ടു അങ്ങനെ ഒരു തെളിവ് കാലം പുറത്ത് കൊണ്ട് വന്നിരിക്കുന്നു, സത്യം പറഞ്ഞാല്‍ കാലത്തിന്റെ കാവ്യ നീതി ആയി ഇതിനെ കണക്കാക്കാം.
കണ്ണൂരില്‍ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തം വീണ അക്രമരാഷ്ട്രീയത്തിന്റെ ചരിത്രം കേരളത്തിനറിയാം. ശുഹൈബ്, ശരത്, കൃപേഷ് തുടങ്ങി നിരവധി യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ട കേസുകളിലെ പ്രതികളെ സംരക്ഷിക്കാന്‍ അധികാരവും പൊതുപണവും ഉപയോഗിച്ചത് കേരളം മറന്നിട്ടില്ല.
Leave a Comment
Your comment will be visible after admin approval.