Sunday, January 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsപുതിയ താരിഫുകൾ ചുമത്തിയ ട്രംപിന് ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഫ്രഞ്ച് മന്ത്രി

പുതിയ താരിഫുകൾ ചുമത്തിയ ട്രംപിന് ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഫ്രഞ്ച് മന്ത്രി

പാരീസ്: ഗ്രീൻലാൻഡ് വിഷയത്തെ തുടർന്ന് എട്ട് രാജ്യങ്ങൾക്കുമേൽ പുതിയ താരിഫുകൾ ചുമത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഫ്രഞ്ച് കൃഷി മന്ത്രി ആനി ജനീവാർഡ്.

ഡെന്മാർക്കിൽ നിന്ന് ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്‍റെ ദുരാഗ്രഹത്തിനെതിരെ നിലപാടെടുത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കാണ് താരിഫ് ഉയർത്തിയത്. ശനിയാഴ്ച്ചയാണ് പുതിയ താരിഫ് പ്രഖ്യാപിച്ചത്.

“ഈ താരിഫ് വർധനവിൽ, അദ്ദേഹത്തിന് (ട്രംപിന്) നഷ്ടപ്പെടാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതുപോലെ തന്നെ സ്വന്തം കർഷകർക്കും വ്യവസായികൾക്കും” -ആനി ജനീവാർഡ് പറഞ്ഞു. അമേരിക്കക്ക് തോന്നുന്നതൊക്കെ ചെയ്യാൻ യൂറോപ്പുകാർ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യു.കെ, നെതർലാൻഡ്സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾക്ക് 10 ശതമാനം താരിഫ് ചുമത്തിയതായി ശനിയാഴ്ച്ചയാണ് ട്രംപ് അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.

ഇവയിൽ യു.കെ, നോർവെ എന്നിവ ഒഴിച്ചുള്ള രാജ്യങ്ങൾ യൂറോപ്യൻ യൂനിയനിലെ അംഗങ്ങളാണ്. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ താരിഫുകൾ പ്രാബല്യത്തിലാകുക. ജൂൺ ഒന്ന് മുതൽ ഈ താരിഫുകൾ 25 ശതമാനമായി വർധിപ്പിച്ചേക്കാമെന്നും ഭീഷണിയുണ്ട്.

താരിഫ് പ്രഖ്യാപനത്തെ തുടർന്ന് യൂറോപ്യൻ യൂനിയൻ അംബാസിഡർ ബ്രസ്സൽസിൽ ചർച്ച നടത്തിയിരുന്നു. വാണിജ്യപരമായി തിരിച്ചടിക്കാൻ യൂറോപ്യൻ യൂനിയനും പ്രഹരശേഷിയുണ്ടെന്നും എങ്കിലും അമേരിക്കയുടെ സമീപകാല നീക്കങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ജനീവാർഡ് പറഞ്ഞു.

എന്നാൽ ഈ നടപടികൾ യു.എസിനും അപകടമുണ്ടാക്കുമെന്നും ഗ്രീൻലാൻഡിനെ പിടിച്ചെടുക്കുകയോ വിലകൊടുത്ത് വാങ്ങുകയോ ചെയ്യുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും സ്വീകാര്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments