മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് ആർബിഐ ഗവർണർ ശക്തികാന്ത ദാസുമായി ചർച്ച നടത്തി. മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിലെത്തിയായിരുന്നു ഇന്ന് ചർച്ച നടന്നത്. കാലാവസ്ഥാ വ്യതിയാനമുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെപ്പറ്റി ചർച്ചയായി. ഇന്ത്യയെ കൂടുതൽ കാണാനും കൂടുതൽ അറിയാനുമുള്ള യാത്രയിലാണ് ബിൽ ഗേറ്റ്‌സ്.
ആർബിഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ബിൽ ഗേറ്റ്‌സിന്റെ സന്ദർശനത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. “മിസ്റ്റർ. ബിൽ ഗേറ്റ്‌സ് ഇന്ന് ആർബിഐ മുംബൈ സന്ദർശിച്ച് ഗവർണർ ശക്തികാന്ത ദാസുമായി വിപുലമായ ചർച്ചകൾ നടത്തി,” എന്നും അടിക്കുറിപ്പ് ഉണ്ട്.
കഴിഞ്ഞ ആഴ്ച, ബിൽ ഗേറ്റ്സ്, തന്റെ സ്വകാര്യ ബ്ലോഗായ ഗേറ്റ്സ് നോട്ട്സിൽ, വർഷങ്ങളായി രാജ്യം കൈവരിച്ച പുരോഗതി പരിശോധിക്കാൻ താൻ ഇന്ത്യ സന്ദർശിക്കുമെന്ന് എഴുതിയിരുന്നു.
‘ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതുകൊണ്ട് തന്നെ അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. എന്നാൽ ആ വെല്ലുവിളികൾ പരിഹരിക്കാൻ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചു. പോളിയോ നിർമാർജനം ചെയ്തു. എച്ച്.ഐ.വി. പടരുന്നത് നിയന്ത്രിച്ചു, രാജ്യത്തെ ദാരിദ്ര്യം കുറച്ചു. ശിശുമരണനിരക്ക് കുറച്ചു. സാമ്പത്തിക സേവനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ജനങ്ങൾക്ക് പ്രാപ്യമാക്കുന്ന രീതിയിലേക്ക് മാറ്റി.’ ബിൽഗേറ്റ്സ് കുറിച്ചു.