Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിണറായി വിജയൻ്റെ ശരീരഭാഷ കിണ്ണം കട്ടവനെന്നേ തോന്നൂവെന്ന് കെ.സുധാകരൻ

പിണറായി വിജയൻ്റെ ശരീരഭാഷ കിണ്ണം കട്ടവനെന്നേ തോന്നൂവെന്ന് കെ.സുധാകരൻ

തിരുവനന്തപുരം : ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയും ശരീരഭാഷയും ശ്രദ്ധിച്ചപ്പോള്‍, കിണ്ണം കട്ടവനെന്നേ തോന്നൂവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പഴയ പിണറായി വിജയന്‍, പുതിയ പിണറായി വിജയന്‍, ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍, ഇരട്ടച്ചങ്കന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയില്‍നിന്ന് ഇറങ്ങിയോടി. പകരം കയ്യോടെ പിടികൂടപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയില്‍ കണ്ടത്.

നിയമസഭയില്‍ ഒളിച്ചിരിക്കുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പൊക്കാന്‍ ഇഡി കയറിവരുമോ എന്ന ഭയവും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കാം. കേരളത്തിന്റെ ഒരു മുഖ്യമന്ത്രിക്കും ഇങ്ങനെയൊരു ദാരുണാവസ്ഥ ഉണ്ടായിട്ടില്ല. ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കട്ടെയെന്നാണു പ്രാർഥന. കണ്ണൂര്‍ ശൈലിയില്‍ എംഎല്‍എമാരെ ഇളക്കിവിട്ട് പ്രമേയാവതാരകന്‍ മാത്യു കുഴല്‍നാടനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഒച്ചവച്ച് ഇരുത്താനാണ് ഭരണകക്ഷി ബെഞ്ച് ശ്രമിച്ചത്.

സ്പീക്കര്‍ക്ക് ഭരണകക്ഷി അംഗങ്ങളെ പലതവണ ശാസിക്കേണ്ടി വന്നു. മുഖ്യമന്ത്രിയെ പുകഴ്ത്താനും സംരക്ഷിക്കാനും ചാവേറുകളെപ്പോലെയാണ് ചില എംഎല്‍എമാര്‍ സ്വന്തം അസ്തിത്വം വരെ പണയപ്പെടുത്തി പെരുമാറിയത്. എന്നാല്‍, പാവപ്പെട്ടവര്‍ക്ക് വീടു കെട്ടേണ്ട 20 കോടിയില്‍ ഒന്‍പതേകാല്‍ കോടി രൂപ കട്ടതിന്റെ ജാള്യം ഓരോ സിപിഎം അംഗത്വത്തിന്റെയും മുഖത്ത് എഴുതിവച്ചിരുന്നു. സത്യത്തെ ഏറെനാള്‍ കുഴിച്ചുമൂടാമെന്ന് കരുതേണ്ട.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പൊലീസ് നൽകുന്നതാണെന്നും അതു വേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നുമുള്ള പിണറായിയുടെ തള്ള് ചരിത്രബോധമുള്ളവര്‍ കേട്ട് ചിരിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് എഴുതിക്കൊടുക്കുകയും കേവലം ഒരു പൈലറ്റ്, ഒരു എസ്‌കോര്‍ട്ട് എന്നിവയുമായി 5 വര്‍ഷം കേരളം ഭരിക്കുകയും ചെയ്തു.

അന്ന് അദ്ദേഹത്തെ ഡിവൈഎഫ്‌ഐക്കാര്‍ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചപ്പോൾ പോലും സുരക്ഷ കൂട്ടാന്‍ ഉമ്മന്‍ ചാണ്ടി സമ്മതിച്ചില്ല. കറുത്ത തുണിയെപ്പോലും പേടിക്കുന്ന പിണറായി വിജയന്‍ ഇപ്പോള്‍ പ്രധാനമന്ത്രിക്കുള്ള എസ്പിജി പ്രൊട്ടക്‌ഷനെപ്പോലും തോൽപ്പിക്കുന്ന രീതിയിലുള്ള വന്‍സന്നാഹവുമായാണ് ജനങ്ങളെ വഴിനീളെ ബുദ്ധിമുട്ടിലാക്കി യാത്ര ചെയ്യുന്നത്. ഇതു ഭീരുത്വമല്ലെങ്കില്‍ മറ്റെന്താണ്?– സുധാകരൻ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments