പ്രവർത്തന രഹിതമായ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം മെഘാ ട്രോപിക്സ് -1 ചൊവ്വാഴ്ച വൈകീട്ട് ഭൂമിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറക്കും. ഐഎസ്ആർഒയും ഫ്രാൻസിന്റെ ബഹിരാകാശ ഏജൻസിയായ സിഎൻഇഎസും ചേർന്നൊരുക്കിയ ഈ ഉപഗ്രഹം ഒരു ദശാബ്ദത്തിലേറെക്കാലത്തെ സേവനത്തിനൊടുവിലാണ് പിൻവലിക്കുന്നത്.
2011 ഒക്ടോബർ 12 നാണ് മെഘാ ട്രോപിക്സ് ഉപഗ്രഹം ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ചത്. കാലാവസ്ഥാ നിരീക്ഷണം ലക്ഷ്യമിട്ട് ഐഎസ്ആർഒയും സിഎൻഇഎസും സംയുക്തമായാണ് ഈ ഉപഗ്രഹം ഒരുക്കിയത്.
തുടക്കത്തിൽ മൂന്ന് വർഷത്തെ സേവനമാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നീട് 2021 വരെ ഒരു ദശാബ്ദക്കാലം ഈ ഉപഗ്രഹം വിവര ശേഖരണം നടത്തി. ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണമായിരുന്നു പ്രധാന ദൗത്യം.