ന്യൂഡല്‍ഹി: ഡൽഹി സര്‍വകലാശാലയിലും അംബേദ്കര്‍ സര്‍വകലാശാലയിലും ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശനം തടഞ്ഞു. ഡൽഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകളിലും ലാപ്പ്ടോപ്പിലുമായിട്ടായിരുന്നു ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് തയ്യാറെടുത്തിരുന്നത്. ലാപ്പ്ടോപ്പില്‍ പ്രദര്‍ശനം ആരംഭിച്ച ഉടനെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പൊലീസ് കടന്നുവരികയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശിക്കുകയായിരുന്നു. വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പട്ടതിന് തൊട്ടുപിന്നാലെയാണ് പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്. പത്തോളം മലയാളി വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അംബേദ്കര്‍ സര്‍വകലാശാലയില്‍ സര്‍വകലാശാലാ അധികൃതരാണ് ബി.ബി.സി ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം തടഞ്ഞത്. ഡോക്യുമെന്‍ററിക്ക് അംബേദ്കര്‍ക്ക് സര്‍വകലാശാല നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം പ്രൊജക്ടറില്‍ നടത്തരുതെന്ന് സര്‍വകലാശാല നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ ലാപ്പ്ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. എ.ബി.വി.പി അടക്കമുള്ള സംഘടനകള്‍ പ്രദര്‍ശനത്തിനെതിരെ രംഗത്തുവന്നിരുന്നു. പ്രദര്‍ശനം തടഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെല്ലാം ബി.ബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് നേരെ പൊലീസില്‍ നിന്നും സര്‍വകലാശാല അധികൃതരില്‍ നിന്നും പ്രദര്‍ശന വിലക്ക് നേരിട്ടിരുന്നു.