ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം

Global Indian Writer · June 25, 2026 · 1 min read · 0 Comments · 0 Shares

ഹൂസ്റ്റൺ/ തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചുവിട്ട് അതിന് പകരം കൂടുതൽ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ കേരള OCI–NRI അഡ്വൈസറി കൗൺസിൽരൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ മുഖ്യമന്ത്രി വി. ഡി. സതീശന് നിവേദനം സമർപ്പിച്ചു.

വർഷങ്ങളായി ലോക കേരള സഭയുടെ പേരിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും പ്രവാസി സമൂഹത്തിന് നൽകിയ നിരവധി വാഗ്ദാനങ്ങൾ ഇന്നും നടപ്പായിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. വിദേശങ്ങളിൽ നടന്ന സമ്മേളനങ്ങൾ, പ്രചാരണ പരിപാടികൾ, ടൈംസ് സ്ക്വയർ ഉൾപ്പെടെയുള്ള പരിപാടികൾ എന്നിവയ്ക്കായി പൊതുപണം ചെലവഴിച്ചെങ്കിലും അതിന്റെ പ്രയോജനം സാധാരണ പ്രവാസികൾക്ക് ലഭിച്ചില്ലെന്നും നിവേദനത്തിൽ പറയുന്നു.

ലോക കേരള സഭയുടെ ചെലവുകളും പ്രഖ്യാപനങ്ങളും സംബന്ധിച്ച് വൈറ്റ് പേപ്പർ പ്രസിദ്ധീകരിക്കണമെന്നും, വിരമിച്ച OCI കാർഡ് ഉടമകൾക്കും പ്രവാസികൾക്കുമായി പ്രത്യേക റിട്ടയർമെന്റ് ടൗൺഷിപ്പുകൾ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. പ്രവാസി സ്വത്ത് സംരക്ഷണ നിയമം, ജില്ലാതല പ്രവാസി അദാലത്തുകൾ, കുടുംബശ്രീ മാതൃകയിൽ പഞ്ചായത്തുതലത്തിൽ “പ്രവാസിശ്രീ” പദ്ധതി, പ്രവാസി പുനരധിവാസ അതോറിറ്റി, പ്രവാസി വികസന ബോണ്ടുകൾ, നിക്ഷേപ സൗഹൃദ പദ്ധതികൾ തുടങ്ങിയ നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി പഞ്ചായത്തുതലത്തിൽ പ്രവാസിശ്രീ യൂണിറ്റുകൾ രൂപീകരിക്കണമെന്നും, കേരള വികസന പദ്ധതികളിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

പ്രവാസി സമൂഹത്തെ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ഭാഗമായി മാത്രം കാണാതെ കേരളത്തിന്റെ വികസന പങ്കാളികളായി പരിഗണിക്കുന്ന പുതിയ നയം സർക്കാർ സ്വീകരിക്കണമെന്ന് ജെയിംസ് കൂടൽ ആവശ്യപ്പെട്ടു.

“പ്രവാസികൾക്ക് ആഘോഷങ്ങൾ അല്ല വേണ്ടത്; സുരക്ഷയും ആദരവും പുനരധിവാസവും കേരള വികസനത്തിൽ അർഥവത്തായ പങ്കാളിത്തവുമാണ് വേണ്ടത്,”അദ്ദേഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.