ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

Global Indian Writer · October 31, 2026 · 1 min read · 0 Comments · 0 Shares

പൂനെ∙ കുടുംബത്തെ അറിയിക്കാതെ മാസങ്ങൾക്ക് മുൻപ് ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ യുവതി മരിച്ച നിലയിൽ. പൂനെയിലെ വാടക അപ്പാർട്മെന്റിലാണ് ഛത്രപതി സാംബാജിനഗർ സ്വദേശിനിയായ മുഗ്ധ ദേശ്മുഖിനെ (34) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് യുവതി എംബിഎ പഠിക്കാൻ യുകെയിലേക്ക് പോയത്. അവിടെ മുഗ്ധ തനിച്ച് താമസിച്ച് പാർട്ട് ടൈം ജോലികൾ ചെയ്ത് വരികയായിരുന്നു.

കുടുംബം ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും മുഗ്ധയുമായി ബന്ധം പുലർത്തിയിരുന്നു. പക്ഷേ ഈ മാസം 24 മുതൽ യുവതിയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം ആശങ്കയിലായി. ഒക്ടോബർ 22 നാണ് അവസാനമായി മുഗ്ധയുമായി സന്ദേശങ്ങളിലൂടെ കുടുംബം ആശയവിനിമയം നടത്തിയത്. ഇതോടെ ആശങ്കാകുലരായ മാതാപിതാക്കൾ ലണ്ടനിലുള്ള മുഗ്ധയുടെ സുഹൃത്തുമായി ബന്ധപ്പെട്ടു. തുടർന്ന് സുഹൃത്ത് ലണ്ടൻ പൊലീസിനെ സമീപിക്കുകയും യുവതിയെ കാണാതായതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് മുഗ്ധയെ കണ്ടെത്താൻ സഹായം തേടി കുടുംബം ഇന്ത്യൻ അധികൃതരെയും ഇന്ത്യൻ ഹൈക്കമ്മീഷനെയും സമീപിച്ചു. പിതാവ് യുവതിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചപ്പോൾ, ഒക്ടോബർ എട്ടിനും 25നും ഇടയിൽ പലതവണ ഫൂഡ് ഡെലിവറി ഇടപാടുകൾ നടന്നതായി കണ്ടെത്തി. ഇതിൽ ചിലത് ഛത്രപതി സാംബാജിനഗറിലെ ഒസ്മാൻപുര പ്രദേശത്ത് നിന്നായിരുന്നു. ഇതോടെ യുവതി ഇന്ത്യയിലാണെന്ന് കുടുംബത്തിന് സംശയം തോന്നി.

തുടർന്ന് പൊലീസ് അന്വേഷണത്തിൽ മുഗ്ധ പൂനെയിലെ ഗഹുഞ്ചെയിലെ ലോധ ബെൽമോണ്ടോ സമുച്ചയത്തിൽ താമസിക്കുന്നതായി വിവരം ലഭിച്ചു. ഇവിടെയുള്ള ഫ്ലാറ്റിൽ എത്തിയപ്പോഴാണ് മുഗ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഗ്ധയുടെ ശരീരത്തിൽ മുറിവുകളൊന്നും കാണാനില്ലെന്നും പൊലീസ് പറഞ്ഞു. ഏപ്രിലിൽ മുഗ്ധ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തിരുന്നെങ്കിലും ഓഗസ്റ്റ് മുതലാണ് ഇവിടെ താമസിക്കാൻ തുടങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Share this story

Leave a Comment

Your comment will be visible after admin approval.