മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന്

Global Indian Writer · September 9, 2026 · 1 min read · 0 Comments · 0 Shares

ജോര്‍ജ് പണിക്കര്‍

ചിക്കാഗോ: ‘മോക്‌സ്’ എന്ന് അറിയപെടുന്ന മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യന്‍ സോസൈറ്റിയുടെ (MOCS) രണ്ടാമത് കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ബെന്‍സന്‍വില്ലയിലെ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ദേവാലയത്തിന്റെ അങ്കണത്തില്‍ നടത്തുന്ന ഈ കാര്‍ണിവല്‍ പരിപാടികള്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസത്തിനും ആനന്ദത്തിനും മാത്രമല്ല കേരളത്തിന്റേയും, വടക്കേ ഇന്ത്യയുടേയും വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുടേയും സംഗമമാണ് ഈ ഉത്സവവേള. കൂടാതെ കലാപരിപാടികള്‍, ഗാനമേള, വിവിധയിനം നൃത്തരൂപങ്ങള്‍, ഫേസ് പെയിന്റിംഗ്, മെഹന്തി തുടങ്ങി വിവിധയിനം കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന ഈ വമ്പിച്ച പരിപാടി ചിക്കാഗോയിലെ ജനങ്ങള്‍ വളരെ ഹാര്‍ദ്ദവമായാണ് എല്ലാവര്‍ഷവും സ്വീകരിക്കുന്നത്. കുട്ടികള്‍ക്കായി ബാസ്‌കറ്റ് ബോള്‍, റോക്ക് ക്ലൈംബിംഗ്, മറ്റ് വിനോദോപാധികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ രുചിക്കാനും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തങ്ങളുടെ കലാവാസനകള്‍ പ്രകടിപ്പിക്കാനുമുള്ള വേദികളും സജ്ജമാക്കിയിട്ടുണ്ട്.

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഈ ‘കലാരുചിക്കൂട്ട്’ സംഗമവേദി വൈകുന്നേരം 7 മണിക്ക് അവസാനിക്കും. അതിനാല്‍ ചിക്കാഗോയിലെ എല്ലാവര്‍ക്കും വിവിധ സമയങ്ങളില്‍ വന്ന് പങ്കെടുക്കാവുന്നതാണ്. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മു്മ്പ് കുട്ടികള്‍ക്ക് വമ്പിച്ച ഒരു അവധിക്കാല ഉല്ലാസം കൂടിയാണ് ഈ കാര്‍ണിവല്‍. ആയതിനാല്‍ പ്രായഭേദമെന്യേ എല്ലാവരും ഈ ‘കലാ-കായിക രുചിക്കൂട്ട്’ സംഗമത്തില്‍ വന്ന് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ്, സെക്രട്ടറി അജിത്ത് ഏലിയാസ്, ട്രഷറര്‍ ഫിലിപ്പ് കുന്നേല്‍, ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം വര്‍ക്കി (അനി), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസഫ് ഏബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായ ഏലിയാസ് തോമസ്, ജിജി ജോണ്‍, ഏലിയാമ്മ പുന്നൂസ്, ആല്‍ബിന്‍ ഏബ്രഹാം, സിബില്‍ ഫിലിപ്പ്, ലിഷാ ജോണി എന്നിവരും അറിയിക്കുന്നു.

Address: Sacred Heart Kanaya Catholic Church, 145 E Grand Eve, Bensenville 60106

Share this story

Leave a Comment

Your comment will be visible after admin approval.