അന്തർവാഹിനി ഭീഷണികളെ നേരിടാനും തീരദേശ സുരക്ഷ ശക്തിപ്പെടുത്താനും ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ തദ്ദേശീയമായി നിർമിച്ച കപ്പൽ ഒക്ടോബർ 12ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നാവികസേനയുടെ ഭാഗമാക്കി.
തീരദേശത്തും ആഴം കുറഞ്ഞ കടൽമേഖലകളിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത കപ്പലിന് വെള്ളത്തിനടിയിലെ ഭീഷണികൾ കണ്ടെത്താനും അന്തർവാഹിനികളെ പ്രതിരോധിക്കാനും കഴിയും. ആധുനിക സോണാർ സംവിധാനങ്ങൾ, ഭാരം കുറഞ്ഞ ടോർപിഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി വിരുദ്ധ റോക്കറ്റ് വിക്ഷേപണ സംവിധാനം എന്നിവയാണ് പ്രധാന സവിശേഷതകൾ. വെള്ളത്തിനടിയിലെ നിരീക്ഷണം, തീരദേശ സുരക്ഷ, മൈനുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും കപ്പലിന്റെ ദൗത്യങ്ങളിൽ ഉൾപ്പെടുന്നു.
80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉപയോഗിച്ചാണ് മംഗ്രോൾ നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന മേഖലയിലെ സ്വയംപര്യാപ്തതയും യുദ്ധക്കപ്പൽ നിർമാണത്തിലുള്ള ആഭ്യന്തര സാങ്കേതിക ശേഷിയും വ്യക്തമാക്കുന്നതാണ് ഈ നേട്ടം.
ഗുജറാത്തിലെ ജുനാഗഢ് ജില്ലയിലെ തീരദേശ പട്ടണമായ മംഗ്രോളിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. അന്തർവാഹിനി വിരുദ്ധ പ്രവർത്തനങ്ങൾക്കായി നിർമിക്കുന്ന എട്ട് കപ്പലുകളുടെ പരമ്പരയിലെ മൂന്നാമത്തേതാണ് ഐഎൻഎസ് മംഗ്രോൾ. കപ്പലിന്റെ സേനാപ്രവേശം ഇന്ത്യൻ നാവികസേനയുടെ തീരദേശ പ്രതിരോധശേഷി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.