പാരിസ്: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുണ്ടായ രസകരമായ സൗഹൃദ സംഭാഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇരുവരുടെയും തമാശകൾ ഇന്റർനെറ്റിൽ കാലങ്ങളായി തരംഗമായ മെലോഡി എന്ന ഹാഷ്ടാഗ് ട്രെൻഡിനെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
ലോകനേതാക്കൾ ഒന്നിച്ച് ഔദ്യോഗിക ഗ്രൂപ് ഫോട്ടോ എടുക്കുന്നതിനായി ഒത്തുകൂടിയപ്പോഴായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ ശ്രദ്ധ ആകർഷിച്ച ഈ സംഭാഷണം അരങ്ങേറിയത്. ഫോട്ടോ സെഷനായി എത്തിയ മോദിയെ ‘‘നിങ്ങളെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം’’ എന്ന് പറഞ്ഞാണ് ജോർജിയ മെലോണി സ്വീകരിച്ചത്. ഇതിന് മറുപടിയായി, തങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ എത്രത്തോളം ജനപ്രിയരാണെന്ന കാര്യം പ്രധാനമന്ത്രി മോദി സൂചിപ്പിച്ചു.
ഇത് കേട്ടയുടൻ മെലോണി ചിരിച്ചുകൊണ്ട് തമാശരൂപേണ ഇങ്ങനെ മറുപടി നൽകി: ‘‘അതെ, നമ്മളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോടി’’. കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് മെലോഡി എന്ന ഹാഷ്ടാഗ്. ജോർജിയ മെലോണിയുടെ പേരിന്റെ അവസാന ഭാഗവും നരേന്ദ്ര മോദിയുടെ പേരിന്റെ അവസാന ഭാഗവും കൂട്ടിച്ചേർത്താണ് ഇന്റർനെറ്റ് ഉപയോക്താക്കൾ ഈ പേര് ഉണ്ടാക്കിയത്. ഇവരെ രണ്ടുപേരെയും ചേർത്തുവെച്ച് ലക്ഷക്കണക്കിന് മീമുകളും റീലുകളുമാണ് ദിവസേന ഇൻസ്റ്റഗ്രാമിലും എക്സിലും പ്രചരിക്കുന്നത്.
2023 നവംബറിൽ ദുബൈയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെ ഇരുവരും ഒന്നിച്ചെടുത്ത ഒരു സെൽഫി ജോർജിയ മെലോണി തന്നെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിനൊപ്പം ഹാഷ് ടാഗോടെ മെലോഡി എന്നും കുറിച്ചു. അടുത്തിടെ മോദി ഇറ്റലി സന്ദർശിച്ചപ്പോൾ ഈ സോഷ്യൽ മീഡിയ ട്രെൻഡിനെ കൂടുതൽ രസകരമായ രീതിയിൽ അദ്ദേഹം തന്നെ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ ഏറെ പ്രശസ്തമായ ‘പാർലെ മെലഡി’ ചോക്ലറ്റുകളുടെ ഒരു ബോക്സാണ് മോദി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയത്.
Leave a Comment
Your comment will be visible after admin approval.