ലയണൽ മെസ്സി:ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കിയ താരം എന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കി

Global Indian Writer · July 12, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കിയ താരം എന്ന ചരിത്ര റെക്കോർഡ് ലയണൽ മെസ്സി സ്വന്തമാക്കി.

അലക്സിസ് മാക് അലിസ്റ്റർ നേടിയ അദ്യ ഗോളിന് വഴിയൊരുക്കിയതോടെ ലോകകപ്പിൽ മെസ്സിയുടെ ആകെ അസിസ്റ്റുകളുടെ എണ്ണം 10 ആയി. ഒൻപത് അസിസ്റ്റുകളുള്ള വെസ്റ്റ് ജർമ്മനിയുടെ ഫ്രിറ്റ്സ് വാൾട്ടറെയാണ് മെസ്സി മറികടന്നത്.

ഈ ലോകകപ്പിൽ ഇതുവരെ മെസ്സി 10 ഗോൾ പങ്കാളിത്തങ്ങൾ (8 ഗോൾ, 2 അസിസ്റ്റ്) പൂർത്തിയാക്കി. 2022-ലും ഈ നേട്ടം കൈവരിച്ച മെസ്സി, തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ 10-ലധികം ഗോൾ പങ്കാളിത്തം നേടുന്ന രണ്ടാമത്തെ താരമായി (ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ് ആദ്യ താരം).

10-ാം മിനിറ്റിൽ മക് അലിസ്റ്ററിലൂടെ അർജന്റീന മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് സമനില പിടിച്ചു. തുടർന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.

ബുധനാഴ്ച (ജൂലൈ 15) നടക്കുന്ന ആവേശകരമായ സെമി ഫൈനലിൽ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും.

Share this story

Leave a Comment

Your comment will be visible after admin approval.