ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോകൾ ശേഖരിച്ചു; മെറ്റയ്ക്ക് 887 ദശലക്ഷം ഡോളർ പിഴയിട്ട് ഇറ്റലി

Global Indian Writer · November 16, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

റോം: ആൻഡ്രോയിഡ് ഉപയോക്താക്കളുടെ വ്യക്തമായ അനുമതിയില്ലാതെ ഫേസ്ബുക്ക് ഗാലറിയിൽ നിന്ന് ഫോട്ടോകളും വീഡിയോകളും ശേഖരിച്ചതിന് ടെക് ഭീമനായ മെറ്റയ്ക്ക് ഇറ്റലി 887 ദശലക്ഷം ഡോളർ (ഏകദേശം 7,400 കോടിയിലധികം രൂപ) പിഴ ചുമത്തി. ശനിയാഴ്ചയാണ് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഫേസ്ബുക്കിലെ ‘ഗാലറിയിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുക’ എന്ന ഫീച്ചർ ഉപയോക്താക്കളുടെ അറിവില്ലാതെ തന്നെ ഓൺ (default) ചെയ്തു വെക്കുകയും, ഒരൊറ്റ പൊതുവായ അനുമതിയിലൂടെ സ്വകാര്യ ഫോട്ടോ ലൈബ്രറിയിലേക്ക് പ്രവേശനം നേടുകയും ചെയ്തതായാണ് കണ്ടെത്തൽ. ഇത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്ന ഇറ്റാലിയൻ നിയമങ്ങളുടെയും യൂറോപ്യൻ യൂണിയന്റെ ‘ഇ-പ്രൈവസി’നിർദ്ദേശങ്ങളുടെയും ലംഘനമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

ഈ ഫീച്ചർ ഡീഫോൾട്ടായി ഓഫ് ചെയ്തു വെക്കാനും, ഗാലറി ആക്സസ് എന്തിനാണെന്നും അത് എങ്ങനെ ഓഫാക്കാമെന്നും വ്യക്തമാക്കുന്ന പ്രത്യേക അനുമതി നോട്ടീസ് നൽകാനും മെറ്റയ്ക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കുട്ടികളെ സോഷ്യൽ മീഡിയയ്ക്ക് അടിമകളാക്കുന്ന ഫീച്ചറുകൾ രൂപകൽപ്പന ചെയ്തു എന്നാരോപിച്ച് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളുമായി 18 ബില്യൺ ഡോളറോളം നഷ്ടപരിഹാര കരാറുകളിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് മെറ്റയ്ക്ക് ഇറ്റലിയിലും കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.